തിരുവനന്തപുരം നഗരസഭയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ചോദിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്ത്. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. നവംബര്‍ ഒന്നിന് അയച്ച കത്ത് സിപിഎം ജില്ലാ നേതാക്കന്‍മാര്‍ അതാത് വാര്‍ഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറത്തായത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്.
പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 16നാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട സൈറ്റിന്‍റെ വിവരങ്ങളും കത്തിലുണ്ട്.