ഓഫീസ് ഫയലുകള്‍ക്കിടയിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും വീണുകിട്ടിയ അല്‍പസമയം ഉപന്യാസ രചന മത്സരത്തിനായി മാറ്റിവെച്ച് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍. ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി നടത്തിയ ഉപന്യാസ രചന മത്സരത്തില്‍ ആവേശപൂര്‍വ്വമാണ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്. മത്സരാര്‍ത്ഥികള്‍ ഏറെയും പഠനകാലം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഉപന്യാസമെഴുതുന്നത്. മാറുന്ന മലയാളി എന്ന വിഷയത്തിലായിരുന്നു മത്സരം.
മലയാളികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ആദ്യമായാണ് ഈ വിഷയത്തെ കുറിച്ച് എഴുതുന്നതെങ്കിലും നിലവിലെ സാഹചര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ നന്നായി എഴുതാന്‍ സാധിച്ചെന്നു മത്സരാര്‍ത്ഥിയായ സി. കെ ഗീത പറഞ്ഞു. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഇത്തരം മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. മത്സരം മികച്ച അനുഭവമായിരുന്നുവെന്ന് മത്സരശേഷം മത്സരാര്‍ത്ഥികള്‍ പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് മത്സരത്തിനെത്തിയത്.
നവംബര്‍ ഒന്നിന് ആരംഭിച്ച മലയാളഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ജില്ലയില്‍ നടക്കുന്നത്. ഇന്ന്( നവംബര്‍ 5) ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ വിവിധ സ്‌കൂളുകളിലെ യുപി ക്ലാസുകളിലെ കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഒരു സ്‌കൂളില്‍ നിന്ന് 2 പേര്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. കേരളം– ചരിത്രം, സാഹിത്യം, സംസ്‌കാരം എന്നതാണ് വിഷയം. നവംബര്‍ ഏഴിന് ഉച്ചയ്ക്ക് 2 മണി മുതല്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മലയാളം പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിക്കും. സ്‌കൂള്‍ കോളേജ് അധ്യാപകര്‍ ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാം. മലയാള ഭാഷയും സാഹിത്യവും എന്ന വിഷയത്തിലാണ് മത്സരം.