ബംഗ്ളൂരു: വിജയ ദശമി ദിനത്തിൽ കർണാടകയിൽ ക്ഷേത്ര ദർശനം നടത്തി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. ബെഗൂർ ഗ്രാമത്തിലെ ബീമനകൊല്ലി ക്ഷേത്രത്തിലെത്തിയാണ് സോണിയാ ദസറ പ്രാർത്ഥന നടത്തിയത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സംസ്ഥാനത്തെത്തിയ സോണിയ നാളെ മുതൽ പദയാത്രയുടെ ഭാഗമാവും.
മാണ്ഡ്യയിൽ വെച്ചാണ് സോണിയാഗാന്ധി യാത്രയിൽ ചേരുക. പ്രിയങ്ക ഗാന്ധിയും കർണാടകയിലെ യാത്രയുടെ ഭാഗമാവുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും നേരത്തെ അറിയിച്ചിരുന്നു. പ്രിയങ്ക വെള്ളിയാഴ്ച്ചയാണ് യാത്രയിൽ പങ്കെടുക്കുക.മൈസൂർ വിമാനത്താവളത്തിൽ എത്തിയ സോണിയ ഗാന്ധിയെ ഡി കെ ശിവകുമാർ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ ചേർന്ന് സ്വീകരിച്ചു. അതേസമയം, തിങ്കളാഴ്ച മൈസൂരിലെ പര്യടനം പൂർത്തിയാക്കി പദയാത്ര ശ്രീരംങ്കപട്ടണത്തെത്തി. കുടകിലാണ് സോണിയയ്ക്ക് താമസം ഒരുക്കിയിരിക്കുന്നത്.