ലോൺ റിക്കവറി ഏജന്റ് അയച്ചുകൊടുത്ത ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ട നാൽപ്പത്തിരണ്ടുകാരൻ ജീവനൊടുക്കി. കർണാടകയിലെ ഷെട്ടിഹള്ളി സ്വദേശി പ്രകാശ് ആണ് ജീവനൊടുക്കിയത്. ചന്നപട്ടണ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രകാശും ഭാര്യയും ചേർന്ന് മംഗളവാരപ്പേട്ടയിലെ ഒരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്തിരുന്നു. ഇതിനായി ഭാര്യയുടെ ഫോൺ നമ്പറും ഫോട്ടോയുമടക്കമുള്ള വിവരങ്ങൾ ഫിനാൻസ് കമ്പനിക്ക് നൽകുകയും ചെയ്തിരുന്നു.പിന്നീട്മാണ്ഡ്യ സ്വദേശിയായ ലോൺ റിക്കവറി ഏജന്റ് ലോൺ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രകാശിന്റെ ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നു. ഭാര്യയുടെ ഫോട്ടോകൾ അയച്ചുനൽകാനും ഇയാൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യുവതി പൊലീസിന് പരാതിയും നൽകി. ഫോട്ടോ നൽകിയില്ലെങ്കിൽ അശ്ലീല ഫോട്ടോകൾ മോർഫ് ചെയ്ത് നിർമിച്ച് ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയാതായും യുവതിയുടെ പരാതിയിൽ ഉണ്ട്. യുവതിയുടെ കൈയിൽ നിന്ന് ആഭരണങ്ങളും പണവും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഭീഷണിക്ക് വഴങ്ങാതായതോടെയാണ് ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങൾ ഭർത്താവിന് അയച്ചത്. ശനിയാഴ്ചയാണ് പ്രകാശിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണയ്ക്കും ഐടി ആക്ട് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കും ലോൺ റിക്കവറി ഏജന്റിനെതിരെ കേസെടുത്തിട്ടുണ്ട്.