പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് മാറ്റാനുളള പ്രമേയം കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കുമെന്ന് സൂചന. ഇന്ത്യയെന്ന പേര് മാറ്റി ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യാനുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് സൂചന. ഇന്ത്യയെന്ന പേര് ഭാരതം എന്നാക്കിമാറ്റണം എന്നുള്ളത് ബിജെപിയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്.
രാജ്യത്തിന്റെ പേര് ഭാരതം അല്ലെങ്കില്‍ ഭാരത് വര്‍ഷ് എന്ന് മാറ്റുന്നതിനെക്കുറിച്ച് കഴിഞ്ഞ ഡിസംബറിൽ ബിജെപി എംപി മിതേഷ് പട്ടേല്‍ ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള എംപിയാണ് മിതേഷ് പട്ടേല്‍ . ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നല്‍കിയ ഇന്ത്യ എന്ന പേര് രാജ്യം പിന്നിട്ട അടിമത്ത കാലത്തെ സൂചിപ്പിക്കുന്നതാണെന്നും പട്ടേല്‍ ലോക്സഭയിൽ പറഞ്ഞിരുന്നു.
മോദിയുടെ നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍, അടിമത്തത്തിൽ നിന്ന് രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുന്നതായും, അതിനുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതായും നേരത്തെ കേന്ദ്ര വക്താക്കളുടെ പരാമർശത്തിൽ സൂചനകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യ എന്ന പേര് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
വരാനിരിക്കുന്ന ജി 20 സമ്മേളനത്തിന് എത്തുന്ന ലോക നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ട് അയച്ച കത്തില്‍, ഇന്ത്യന്‍ രാഷ്ട്രപതി എന്നത് മാറ്റി ഭാരതത്തിന്റെ രാഷ്ട്രപതി എന്നാണ് എഴുതിയിരുന്നത്. ഇതിൽ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനവും ഉന്നയിച്ചിരുന്നു.