നയൻതാരയ്ക്കൊപ്പം തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാനാ ഖാനും. നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനുമൊപ്പമാണ് ഷാരൂഖ് ഖാനും മകളും ക്ഷേത്രത്തിൽ എത്തിയത്. ഷാരുഖാനും നയൻതാരും നായികാ നായകൻമാരായി എത്തുന്ന ചിത്രം ജവാൻ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നതിന് മുന്നോടിയായാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സെപ്തംബര്‍ 7 നാണ് അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്.
ജവാന്റെ പ്രീ ബുക്കിങ് ആരംഭിച്ച പല സിറ്റികളിലും വളരെ വേഗത്തിൽ ടിക്കറ്റുകള്‍ വിറ്റുതീർന്നിരുന്നു. പലയിടത്തും ടിക്കറ്റ് നിരക്കിലും വന്‍ കുതിപ്പാണ്. ആദ്യദിനം ലോകത്താകമാനം 100 കോടിയിലേറെ കളക്ഷൻ ഈ ചിത്രം നേടുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാകും ജവാന്‍. വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.