മണ്ഡലത്തെ ഇളക്കി മറിച്ച പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളിയിൽ വോട്ടിങ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയുള്ള വോട്ടെടുപ്പിൽ . ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് കണിയാംകുന്ന് യു.പി.സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജോർജിയൻ സ്കൂളിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.
182 ബൂത്തുകളിലായി 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയിൽ ഉള്ളത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഉൾപ്പെടെ ഏഴു സ്ഥാനാർഥികളാണ് പുതുപ്പളളിയിൽ ജനവിധി തേടുന്നത്. ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍ നിറയുന്ന തിരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുകയാണ് മകൻ ചാണ്ടി ഉമ്മന്റെ ലക്ഷ്യം. പ്രതീക്ഷയോടെയാണ് ഇന്ന് പോളിങ് ബൂത്തിലേത്ത് പോകുന്നത് എന്ന് ബൂത്ത് സന്ദർശനത്തിനിടെ ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം നല്ല രീതിയിൽ കുറക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസിന് കഴിഞ്ഞിരുന്നു. കഴിഞ്ഞതവണ സ്വന്തമാക്കിയ 54,328 വോട്ടിനൊപ്പം പതിനായിരത്തിലധികം വോട്ടുകൾ കൂടി സമാഹരിക്കാൻ സാധിച്ചാൽ വിജയം ഉണ്ടാകുമെന്നാണ് ഇടത് പാളയത്തിന്റെ കണക്ക് കൂട്ടൽ.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.സി. തോമസ് നേടിയ 20,911 വോട്ടാണ് എൻഡിഎയുടെ പുതുപ്പള്ളിയിലെ വലിയ വോട്ട് ശേഖരം. കൂടുതൽ വോട്ടുകൾ നേടി നിലമെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി ലിജിൻലാൽ.