കൊല്ലത്ത് ശ്രീലങ്കക്കാരായ 11 പേർ കൊല്ലം നഗരത്തിലെ ലോഡ്ജിൽനിന്ന് പിടിയിലായി.കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊല്ലം പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുകയാണ്. ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറാനായിരുന്നു ഇവരുടെ ലക്ഷ്യം.
ഓഗസ്റ്റ് മാസം 19-ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേര്‍ ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതായി. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കൻ പൗരൻമാര്‍ അറസ്റ്റിലായത്. ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്ന ഏജന്റാണ് 11 പേരെ കൊല്ലത്ത് എത്തിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കേരളത്തില്‍ തങ്ങള്‍ക്ക് ഒരു ഏജന്റുണ്ടെന്നും, അദ്ദേഹത്തെ ബന്ധപ്പെട്ടാല്‍ മതിയെന്നുമാണ് ഇവര്‍ക്ക് ലഭിച്ചിരുന്ന അറിയിപ്പ്. പിടിയിലായ 11 പേരെ കൂടാതെ കൂടുതൽ പേർ കൊല്ലത്ത് എത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലത്തുള്ള ഏജന്റിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.