മലപ്പുറം: ശമ്പള കുടിശിക ലഭിക്കാത്തതിന് പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംഭവത്തില്‍ ഡി.ഇ.ഒ ഓഫിസ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത് സാധാരണ നടപടി മാത്രമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വാസുകി ഐ.എ.എസിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് ലഭിക്കും. ഇതില്‍ കുറ്റം തെളിഞ്ഞാല്‍ പിരിച്ചുവിടുന്നത് ആലോചനയിലുണ്ടെന്നും മലപ്പുറം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.
ഹൈകോടതി ഉത്തരവും മന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രേഖാമൂലമുള്ള ഉത്തരവും ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ അധ്യാപികയെ മാസങ്ങളോളം ഓഫിസ് കയറ്റിയിറക്കി പ്രയാസപ്പെടുത്തി. ഓരോ ഫയലും ഓരോ ജീവിതമാണെന്നത് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. കൃത്യനിര്‍വഹണത്തില്‍ അനാസ്ഥ വരുത്തുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ വ്യവസ്ഥയുണ്ട്. ഇത്തരക്കാരെ ഒഴിവാക്കിയാലേ സിവില്‍ സര്‍വിസ് കാര്യക്ഷമമാവുകയുള്ളൂ. ഫയലുകളില്‍ കൃത്യമായ നടപടി സ്വീകരിക്കാതെ പിടിച്ചുവെച്ചാല്‍ ജോലി നഷ്ടപ്പെടുമെന്ന ബോധം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
ഡി.ഇ.ഒ, എ.ഇ.ഒ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലയില്‍ ഭരണത്തിലിരിക്കുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥാനക്കയറ്റം വഴി വരുന്നവരാണ്. ഇവര്‍ക്കെല്ലാം ഭരണ കാര്യങ്ങളില്‍ പരിചയക്കുറവും ധാരണയില്ലായ്മയും ഉണ്ട്. ഇത് ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നതാണ് തന്റെ അനുഭവം. പറഞ്ഞാല്‍ വിവാദമാകുമെന്നറിയാമെങ്കിലും കുഴപ്പമില്ല. ഈ തസ്തികകളില്‍ വരുന്നവര്‍ക്ക് ആറുമാസമെങ്കിലും ഭരണപരിശീലനം നല്‍കേണ്ടതുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

