മസ്ജിദിനുള്ളില്‍ നിക്കാഹ് കര്‍മത്തില്‍ പങ്കെടുക്കാന്‍ വധുവിന് അവസരം നല്‍കി പാലേരി പാറക്കടവ് ജുമാ മസ്ജിദ് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മഹല്ല് കമ്മിറ്റി. നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവന പുറപ്പെടുവിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലയ്ക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ച്ചയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. നികാഹിന് തൊട്ടുമുമ്പാണ് കുടുംബം ഇത്തരത്തില്‍ സമ്മതം തേടിയതെന്നും കുറിപ്പിലുണ്ട്.
മഹല്ല് കമ്മിറ്റിയില്‍ നിന്നോ അംഗങ്ങളില്‍ നിന്നോ പണ്ഡിതരില്‍ നിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണെന്നും കമ്മറ്റി പറഞ്ഞു.
സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയതായും പള്ളിയില്‍ ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചത് അനധികൃതമായിട്ടാണെന്നും ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് അത് നടത്തിയതെന്നുമാണ് വിശദീകരണം. ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാന്‍ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് വധുവിന്റെ കുടുംബം വീഴ്ച വരുത്തിയതെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും.
ഈ വിഷയത്തില്‍ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായതില്‍ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. പള്ളിയില്‍ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കാനും മഹല്ല് കമ്മറ്റി തീരുമാനിച്ചു. നികാഹിന് ശേഷം കുടുംബം പള്ളിക്കുള്ളില്‍ നിന്ന് ചിത്രമെടുത്തതും മഹല്ല് കമ്മിറ്റിയെ ചൊടിപ്പിച്ചിട്ടുണ്ട്. അനധികൃതമായി ചിത്രം എടുത്തതിന്റെ ഉത്തരവാദിത്തം കുടുംബത്തിനാണെന്ന് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.
സാധാരണ നിക്കാഹ് ചടങ്ങുകള്‍ കാണാന്‍ വധുവിന് അവസരം ലഭിക്കാറില്ല. നിക്കാഹിന് ശേഷം വരന്‍ മഹര്‍ വധുവിന്റെ വീട്ടിലെത്തിയാണ് അണിയിക്കുക. ഇതിനായിരുന്നു ഇവിടെ മാറ്റം സംഭവിച്ചത്. പുതുവിപ്ലവത്തെ പലരും അഭിനന്ദിക്കുകയും ചെയ്തിരുന്നു. പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതോടെയാണ് വധുവിന് പ്രവേശനം നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ അന്ന് പറഞ്ഞിരുന്നു.
വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമയുടേയും ബഹ്ജ ദലീലയുടേയും നികാഹാണ് പള്ളിക്കകത്ത് നടന്നത്. ബന്ധുക്കള്‍ക്കൊപ്പം ചടങ്ങിനെത്തിയ ബഹ്ജയ്ക്ക് പള്ളിക്കുള്ളില്‍ തന്നെ ഇരിപ്പിടം നല്‍കുകയായിരുന്നു.