സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ് കൊല്ലപ്പെട്ടെന്നു പൊലീസ്. കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ഡിഎന്‍എ ഫലം ലഭിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി കറുപ്പസ്വാമി പറഞ്ഞു.
ജൂലൈ 17 നാണ് കൊയിലാണ്ടി കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്‌കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലീസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.
ജൂലൈ 16ന് രാത്രി പുറക്കാട്ടിരി പാലത്തില്‍നിന്ന് ഇര്‍ഷാദ് താഴേക്കു ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂര്‍ നദിയില്‍ കണ്ടത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇര്‍ഷാദിന്റേത് ആണെന്നും കണ്ടെത്തിയത്. ജൂലൈ 28-നാണ് മകന്‍ ഇര്‍ഷാദിനെ കാണാനില്ലെന്ന് ഉമ്മ നബീസ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കുന്നത്.
ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ നാല് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീല്‍ (26), പൊഴുതന സ്വദേശി സജീര്‍ (27) പിണറായി സ്വദേശി മര്‍സീദ് എന്നിവരാണ് അറസ്റ്റിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തില്‍ വിദേശത്തേക്ക് തിരികെപ്പോയതാണെന്നുമാണ് പോലീസ് കണ്ടെത്തല്‍.