സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി. തമിഴ്നാട്ടില്‍ സ്പെഷല്‍ അസിസ്റ്റന്‍ഡ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി. നാഗപട്ടണം എസ്പിയാണ് ഉത്തരവ് കൈമാറിയത്. സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് റാംപ് വോക്ക് ചെയ്തുവെന്നാണ് കണ്ടെത്തല്‍.
മയിലാടുതുറൈ ജില്ലയിലെ സെമ്പനാര്‍കോവിലില്‍ ഒരു സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യ മത്സരം നടത്തിയത്. നടി യാഷിക ആനന്ദായിരുന്നു മത്സരത്തിന്റെ ഉദ്ഘാടക. പല പ്രായത്തിലുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ പരിപാടിയുടെ സംഘാടകര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് മത്സരത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. പിന്നാലെ എസ് ഐ സുബ്രഹ്മണ്യന്, വനിതാ പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല, കോണ്‍സ്റ്റബിള്‍ ശിവനേശന് എന്നിവര്‍ മത്സരത്തില്‍ റാംപ് വാക് ചെയ്യുകയായിരുന്നു.
പൊലീസുകാര്‍ റാംപില്‍ ചുവടു വച്ചതിന്റെ വാര്‍ത്തകള്‍ വൈറലായതോടെയാണ് മേലുദ്യോഗസ്ഥരും വിവരം അറിഞ്ഞത്. തുടര്‍ന്നാണ് അച്ചടക്ക നടപടിയെന്ന നിലയില്‍ അഞ്ച് പേരെയും സ്ഥലം മാറ്റിയത്. സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാര്‍ സംഘാടകരുടെ അഭ്യര്‍ത്ഥന സ്വീകരിച്ചതാണെങ്കിലും അത് ഡ്യൂട്ടി ലംഘനമായതിനാലാണ് സ്ഥലം മാറ്റേണ്ടി വന്നതെന്ന് എസ് പി ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.