തലശേരി ഫസല്‍ വധക്കേസ് പ്രതികളും സിപിഐഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയില്‍ ഇളവ്. മൂന്നു മാസം കഴിഞ്ഞ് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. നിലവിലെ നിയന്ത്രണം മൂന്നു മാസം കൂടി തുടരും. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്. ഇളവ് അനുവദിക്കരുതെന്ന സിബിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്. ഫസല്‍ വധക്കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്നായിരുന്നു വ്യവസ്ഥ. 2013ലായിരുന്നു ഇരുവര്‍ക്കും ജാമ്യം കിട്ടിയിരുന്നത്.
കേസിൽ ഹൈക്കോടതി തുടരന്വേഷണം നിർദേശിച്ചതിനാൽ വിചാരണ നീട്ടിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് തടയേണ്ടതില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു. പ്രതികൾ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ഇളവ് നൽകരുതെന്നുമായിരുന്നു സിബിഐയുടെ വാദം.
2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലും തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുത്ത ഘട്ടത്തിലും ഗൂഡാലോചന കുറ്റമാണ് കാരായിമാര്‍ക്കെതിരെ ചുമത്തിയത്. ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി കിട്ടിയില്ല. സിബിഐ 2012 ജൂണ്‍ 22നാണ് കുറ്റപത്രം നല്‍കിയിരുന്നത്. പല തവണ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു.
മുഹമ്മദ് ഫസല്‍ വധക്കേസില്‍ കാരായിമാര്‍ക്ക് പങ്കില്ലെന്നും ആര്‍എസ്എസ് ആണ് വധത്തിന് പിന്നിലെന്ന് ചെമ്പ്ര സ്വദേശി സുധീഷിന്റെ മൊഴി പുറത്തുവന്നിരുന്നു. പടുവിലായി മോഹന്‍ വധക്കേസില്‍ ചോദ്യം ചെയ്യുമ്പോഴാണ് ഈ മൊഴി പുറത്തുവന്നിരുന്നത്. മൊഴിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഫസല്‍ വധക്കേസില്‍ ഏഴും എട്ടും പ്രതികളാണ് കാരായി രാജനും ചന്ദ്രശേഖരനും.

