കൊവിഡ് പ്രതിരോധം പോലീസിനെ എല്‍പ്പിച്ചതില്‍ ആരോഗ്യ വകുപ്പില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ലെന്നും പൊലീസ് സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സര്‍വെയ്ലന്‍സ് ചുമതലയാണ് പൊലീസിന് നല്‍കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതിനിടെ, രണ്ടാഴ്ചക്കകം സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. ക്വാറന്റീന്‍, സാമൂഹിക അകലം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നല്‍കുകയും ചെയ്തു. കളക്ടര്‍മാര്‍ ജില്ലാ പൊലീസ് മേധാവിമാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായി നിരന്തര ആശയവിനിമയം നടത്തി പരസ്പര സഹകരണം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഇന്‍സിഡന്റ് കമാന്‍ഡോമാരായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയമിക്കണം. ജില്ലാ പൊലീസ് മേധാവിമാരുമായി ആലോചിച്ചാകണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും നിര്‍ദേശമുണ്ട്.