
കോഴിക്കോട് ടൗണിലും സമീപ പ്രദേശങ്ങളിലും മില്‍മ പാലും പാലുല്‍പ്പന്നങ്ങളും അതിരാവിലെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് എത്തിച്ച് നല്‍കുന്ന സംവിധാനത്തിന് തുടക്കമായി. കേരള സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനമായ എ.എം നീഡ്‌സുമായി സഹകരിച്ചാണ് മില്‍മ പാല്‍ വീടുകളില്‍ എത്തിക്കുന്നത്. കുന്ദമംഗലത്തെ പെരിങ്ങളും മില്‍മ ഡെയറിയിലെ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങില്‍ മില്‍മ മലബാര്‍ മേഖല യൂണിയന്‍ ചെയർമാൻ കെ.എസ് മണി നിര്‍വ്വഹിച്ചു. മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഡയറക്ടര്‍ ശ്രീനിവാസന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഗീരീഷ് കുമാര്‍ ,ഡി.എസ് കോണ്ട , ജോര്‍ജ്ജ് കുട്ടി ആശംസകള്‍ നേര്‍ന്നു. മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയകുമാരൻസ്വാഗതവും കോഴിക്കോട് ഡെയറി സീനിയര്‍ മാനേജര്‍ കെ.കെ ഷാജിമോന്‍ നന്ദിയും പറഞ്ഞു. എ.എം നീഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ സുജിത് സുധാകരന്‍ പദ്ധതി വിശദീകരിച്ചു.

ആരംഭ ഘട്ടത്തില്‍ കോഴിക്കോട് ടൗണിലും സമീപ പ്രദേശങ്ങളിലും തുടര്‍ന്ന് ഘട്ടം ഘട്ടമായി മലബാറില്‍ എല്ലാ ടൗണിലേക്കും വ്യാപിപ്പിക്കുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. പ്രഭാതത്തില്‍ ആവശ്യമായ മില്‍മ പാലും പാലുല്‍പ്പന്നങ്ങളും തലേ ദിവസം വൈകുന്നേരം ആറ് മണി വരെ ബുക്ക് ചെയ്യാവുന്നതും അടുത്ത ദിവസം രാവിലെ 5 മണി മുതല്‍ 7.30 വരെ വിതരണം ചെയ്യുകയും ചെയ്യും. വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് സര്‍വ്വീസ് ചാര്‍ജ് ഒന്നും നല്‍കേണ്ടതില്ല. തൊണ്ണൂറ് ദിവസത്തേക്കുള്ള പാല്‍ മുന്‍കൂറായി ബുക്ക് ചെയ്യാം.


