വയനാട്ടിൽ എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു. തലപ്പുഴ നല്ലക്കണ്ടി വീട്ടിൽ ആയിഷയാണ് മരിച്ചത്.
കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആയിഷക്ക് ജൂൺ 30നാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത് ഇന്നലെ രാത്രിയായിരുന്നു മരണം.
വയനാട് ജില്ലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ പനി മരണമാണിത്. നേരത്തെ പനി ബാധിച്ച് രണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിദഗ്ധ സംഘം ജില്ലയിലെത്തി പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന് മേധാവി ഡോ.അസ്മ റഹീമിന്റെ നേതൃത്വത്തില്‍ രണ്ടു സംഘമായാണ് ജില്ലയിലെ രോഗബാധിത മേഖലകളില്‍ പരിശോധന നടത്തിയത്.
പനി ബാധിച്ച് മരിച്ച നാലുവയസുകാരി രുദ്രയുടെ കോളനി സന്ദര്‍ശിച്ച സംഘം പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ടെന്ന് പ്രതികരിച്ചിരുന്നു. ബത്തേരി മാറോട് ചവനന്‍ കോളനി സന്ദര്‍ശിച്ച സംഘം കുടിവെള്ള സാംപിളുകളടക്കം ശേഖരിച്ചു. രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കമ്പളക്കാട്, കണിയാമ്പറ്റ, ബേഗൂര്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറും.