ഭരണഘടനയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നും ചിലത് നാക്കുപിഴയാകാം എന്നും പിബി അംഗം എം.എ.ബേബി അഭിപ്രായപ്പെട്ടു. സജി ചെറിയാന്‍ നിലപാട് വ്യക്തമാക്കിയതോടെ വിഷയം അടഞ്ഞ അധ്യായമായി. ഭരണഘടനയില്‍ ഭേദഗതി ആവാമെന്ന് ശില്‍പികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു.
രാജ്യത്തെ ഭരണകൂട സംവിധാനത്തിനുള്ളില്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വിഷയങ്ങളെല്ലാമാണ് സജി ചെറിയാന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഭരണഘടനയ്ക്ക് എതിരായി ഒന്നുംതന്നെ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സജി ചെറിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസംഗത്തിനിടയില്‍ ആളുകള്‍ക്ക് പല നാക്കുപിഴയും ഉണ്ടാകാം. ഇതില്‍ ദുര്‍വ്യാഖ്യാനങ്ങളും ഉണ്ടാകാം. അതിന്റെയൊന്നും അടിസ്ഥാനത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ട ആവശ്യമില്ല. നന്നായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്നും ബേബി കൂട്ടിച്ചേര്‍ത്തു. മന്ത്രി തന്നെ വിശദീകരണം നല്‍കിയതിനാല്‍ ഇനി ഇതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്നും ബേബി പറഞ്ഞു.