ചരിത്ര പ്രഖാപനവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ഇക്കാര്യം സംബന്ധിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ചു വര്‍ഷത്തെ പ്രത്യേക ഉടമ്പടിയില്‍ ഒപ്പിട്ടു. ഇതോടെ ന്യൂസീലന്‍ഡില്‍ ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും കളിക്കുന്ന വനിതാ താരങ്ങള്‍ക്ക് പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും.
കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ ബാധകമായിരിക്കും. ആറ് പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളാണ് കളിക്കാരുടെ സംഘടനയുമായി കരാറില്‍ എത്തിയത്.
ഓഗസ്റ്റ് ഒന്നു മുതല്‍ ഈ കരാര്‍ നിലവില്‍ വരും. തുല്യ വേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണല്‍ പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന യാത്ര, താമസം, പരിശീലന അന്തരീക്ഷം തുടങ്ങിയവയും അതേപടി വനിതാ താരങ്ങള്‍ക്കും ലഭ്യമാകും. തങ്ങളുടെ കായികരംഗത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കരാറാണിതെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ഡേവിഡ് വൈറ്റ് പ്രതികരിച്ചു.
നിലവില്‍ ടെസ്റ്റില്‍ 10,250 ഡോളര്‍, ഏകദിനത്തില്‍ 4,000 ഡോളര്‍, ട്വന്റി 20-യില്‍ 2,500 ഡോളര്‍ എന്നിങ്ങനെയാണ് പുരുഷ താരങ്ങളുടെ വേതനം. കരാര്‍ നിലവില്‍ വരുന്നതോടെ ഇതേ തുക വനിതാ താരങ്ങള്‍ക്കും ലഭിക്കും.