ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസ്താവനയുടെ വീഡിയോ ഉള്‍പ്പെടെ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാദ പ്രസംഗം നടത്തിയതിലൂടെ മന്ത്രി ഭരണഘടനയെ അടച്ചാക്ഷേപിക്കുകയാണ് ചെയ്തത് എന്ന് രാജ്ഭവന്‍ അറിയിച്ചു. ഈ വിഷയം ഗൗരവത്തോടെ കാണുന്നു. ഭരണഘടനയെ ലംഘിച്ചതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത് എന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രസംഗം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഗൗരവതരമെങ്കില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും.
അതേസമയം നിരവധി പേര്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. മന്ത്രി സജി ചെറിയാന്റേത് കിളിപോയ സംസാരമാണെന്നും ഭരണഘടനയെ അവഹേളിച്ച മന്ത്രി ഉടന്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണം ഇല്ലെങ്കില്‍ നിയപരമായി നേരിടുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും മന്ത്രി പറയുന്നു. എന്നാല്‍ ഏത് ഭരണഘടനയാണ് സജി ചെറിയാന്‍ വായിച്ചതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
മന്ത്രി സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ചൂണ്ടികാട്ടി. ഭരണഘടനയുടെ ബലത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറിയ വ്യക്തിയാണ് സജി ചെറിയാന്‍. ഒരു കാരണവശാലും അദ്ദേഹം അധികാരത്തില്‍ തുടരരുതെന്നും കെമാല്‍ പാഷ പറഞ്ഞു.
ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സ്വയം രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം. സജി ചെറിയാന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
സജി ചെറിയാന്റേത് ഭരണഘടനയോടുള്ള കടുത്ത അവഹേളനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. രാജ്യത്ത് ആരും ഇങ്ങനെ പറഞ്ഞിട്ടില്ല, ആര്‍ക്ക് കേട്ട് നില്‍ക്കാന്‍ സാധിക്കും ഇതെന്നും കെ.സി. ചോദിച്ചു. ഒരു മിനിറ്റ് പോലും വൈകാതെ മന്ത്രി രാജി വയ്ക്കണം, അല്ലെങ്കില്‍ മുഖ്യമന്ത്രി രാജി എഴുതി വാങ്ങണം. മുഖ്യമന്ത്രിക്കും ഈ നിലപാട് ആണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഭരണഘടനയെ നിശിതമായി വിമര്‍ശിച്ച മന്ത്രി സജി ചെറിയാനില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടി. അതേ സമയം ഭരണഘടനയെ അല്ല താന്‍ വിമര്‍ശിച്ചതെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു.