രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ബിജെപി എംപിമാരായ രാജ്യവര്‍ധന്‍ സിങ് രാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേര്‍ക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. അതേസമയം, വാര്‍ത്ത സംരക്ഷണം ചെയ്ത സീ ചാനല്‍ ടി വി ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജനെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആറും ഇട്ടിട്ടുണ്ട്.
വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ വളച്ചൊടിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. രാഹുലിന്റെ പ്രതികരണം ഉദയ്പുര്‍ കൊലപാതകത്തിലേതാണെന്ന തരത്തിലായിരുന്നു പ്രചാരണം.
ഓഫിസില്‍ അക്രമം നടത്തിയ എസ്എഫ്‌ഐക്കാരോട് ക്ഷമിച്ചുവെന്നു കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുല്‍ പറഞ്ഞത് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയവരെക്കുറിച്ചാണെന്ന രീതിയില്‍ ടിവി ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു.
വാര്‍ത്ത വന്നതിന് പിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വ്യാജ പ്രചാരണത്തിന് കേസ് കൊടുത്തത്. രാജ്യവര്‍ധന്‍ റാത്തോഡ് അടക്കമുള്ള ബിജെപി നേതാക്കള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ക്ഷമ ചോദിച്ച് ചാനല്‍ രംഗത്തു വന്നിരുന്നു.