വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാറിന്റെ ജാമ്യഹർജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി.കൊവിഡ് ബാധിതനായ കിരൺ നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുകയാണ്. ഇയാളെ രോഗം ഭേദമായ ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ. ബി.എ. ആളൂര്‍ മുഖേന കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടു.
കിരൺ സാധുവായ യുവാവാണെന്നും, കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂർ കോടതിയിൽ പറഞ്ഞത്. കൂടാതെ മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തതെന്നും ആളൂർ വാദിച്ചിരുന്നു.
പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർത്തിരുന്നു. ഇപ്പോൾ ജാമ്യം നൽകിയാൽ കേസിനെ സാരമായി ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

