കമ്പം (തമിഴ്നാട്): ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് മയക്കുവെടി വച്ച് വീഴ്ത്തിയ ഒറ്റയാൻ അരിക്കൊമ്പനെ തിരുനൽവേലി കാട്ടിലേക്ക് കൊണ്ടുപോകും. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് ആനയെ കൊണ്ടുപോകുമെന്നാണ് പുറത്തുവരുന്ന വിവരം. മേഘമലയിൽ തുറന്നു വിടില്ല.
അരിക്കൊമ്പൻ വീണ്ടും ജന വാസ മേഖലയിൽ ഇറങ്ങിയതോടെ തമിഴ്നാട് വനം വകുപ്പ് മയക്ക് വെടി വെച്ചിരുന്നു. കമ്പത്ത് കൊമ്പന്റെ സാന്നിധ്യമുണ്ടായി പത്താം ദിവസം തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ച് മയക്ക് വെടി വെച്ചത്. ദൗത്യ സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകൾ എത്തിച്ചേർന്നു.
ഡോക്ടർ കലൈവാനാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ നടന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്. മൂന്ന് ഡോസ് മയക്കു വെടി വെച്ചിട്ടുണ്ട്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാൽ എവിടേക്ക് മാറ്റുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. മയക്കുവെടിയേറ്റ അരിക്കൊമ്പൻ പാതിമയക്കം വിട്ട നിലയിലാണ്. വാഹനത്തിൽ നിന്ന് ബൂസ്റ്റർ ഡോസ് നൽകിയേക്കും. അരിക്കൊമ്പനുമായി വെള്ളിമല വനത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

