തിരുവനന്തപുരം∙: വന്ദേഭാരത് ട്രെയിൻ 6 ദിവസം കൊണ്ട് ടിക്കറ്റിനത്തിൽ നേടിയത് 2.7 കോടി രൂപ.ഏപ്രിൽ 28 മുതൽ മേയ് 3 വരെയുള്ള കണക്കാണിത്.അതേസമയം കുറഞ്ഞ ദിവസം കൊണ്ട് 31,412 ബുക്കിങ് ലഭിച്ചുവെന്നാണ് റിപ്പോർട്ട്..
27,000 പേർ ട്രെയിനിൽ യാത്ര ചെയ്തു. 1128 സീറ്റുകളുള്ള ട്രെയിനിൽ എക്സിക്യൂട്ടീവ് ക്ലാസിൽ സഞ്ചരിക്കാനാണ് യാത്രക്കാർ കൂടുതൽ. മേയ് 14 വരെയുള്ള ടിക്കറ്റുകളെല്ലാം യാത്രക്കാർ ബുക്ക് ചെയ്തു കഴിഞ്ഞതായി റെയിൽവേ അധികൃതർ പറഞ്ഞു. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് കൂടുതൽ വരുമാനം–1.17 കോടി രൂപ. തിരുവനന്തപുരം–കാസർകോട് ട്രിപ്പിന് 1.10 കോടി രൂപയും.
1024 ചെയർ കാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണ് ട്രെയിനിലുള്ളത്. തിരുവനന്തപുരം–കാസർകോട് യാത്രയ്ക്ക് ചെയർ കാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2880 രൂപയുമാണ് നിരക്ക്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2815 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും ചേർത്താണ് ഇത്.
∙ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന്റെ കലക്ഷൻ
ഏപ്രിൽ 28–19.5 ലക്ഷം
ഏപ്രിൽ 29–20.30 ലക്ഷം
ഏപ്രിൽ 30–20.50 ലക്ഷം
മേയ്1–20.1 ലക്ഷം
മേയ് 2– 18.2 ലക്ഷം
മേയ് 3–18 ലക്ഷം
∙ തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേയ്ക്ക് ശരാശരി 18 ലക്ഷം രൂപയാണ് കലക്ഷൻ

