പാഠപുസ്തകങ്ങളിലൂടെ ചരിത്രത്തെ വികലമായി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടിയെ കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള പാഠപുസ്തക നിര്‍മിതി അക്കാദമികമായി നീതീകരിക്കാന്‍ കഴിയില്ല. ഇത് ഫലത്തില്‍ പഠന കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ പുറകോട്ടടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
എന്‍സിഇആര്‍ടി ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ നടത്തിയ മാറ്റങ്ങളെ കുറിച്ച് വാർത്ത കണ്ടുവെന്നും യാഥാര്‍ത്ഥ്യങ്ങളോട് നീതിപുലര്‍ത്താത്ത തരത്തില്‍ പാഠപുസ്തകം നിര്‍മ്മിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്, നിരാകരിക്കലാണ്. കേരളം അതിന് ഒരു വിധത്തിലും കൂട്ടുനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. . ചരിത്രം, ഹിന്ദി, പൗരശാസ്ത്രം, രാഷ്ട്ര തന്ത്രം പാഠപുസ്തകങ്ങളിലാണ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതെന്നും ശിവന്‍കുട്ടി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം അക്കാദമിക കാര്യങ്ങളില്‍ പോലും വര്‍ഗ്ഗീയവത്ക്കരണം നടത്തുമോ എന്ന ആശങ്ക കേരളം നയരൂപീകരണവേളയില്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തിന്റെ ആശങ്ക പൂര്‍ണ്ണമായും ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍ വഴി മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ കേരളം പ്രകടിപ്പിച്ച വിയോജിപ്പുകള്‍ നിലനില്‍ക്കുന്നു. വിദ്യാഭ്യാസം എന്നത് സമവര്‍ത്തി പട്ടികയില്‍ ആണ്. കേന്ദ്രീകരണ നിര്‍ദേശങ്ങളില്‍ കേരളത്തിന് ആശങ്കയുണ്ട്. ദേശീയ നയം അതേപടി നടപ്പാക്കുന്ന കാര്യത്തില്‍ കേരളത്തിന് സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ട ഘട്ടം വരുമ്പോള്‍ ഓരോ പ്രശ്‌നത്തെയും അടിസ്ഥാനമാക്കി അതത് ഘട്ടത്തില്‍ മാത്രമേ പ്രതികരിക്കാന്‍ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.