കുമ്പഴയില്‍ മര്‍ദനമേറ്റ പെണ്‍കുട്ടി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ച നിലയിലാണ് കുട്ടിയെ എത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുമ്പഴയിലാണ് കുടുംബം താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മ വീട്ടുജോലിക്കാരിയാണ്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അച്ഛനെ പൊലീസ് പിടികൂടുകയായിരുന്നു.പെണ്‍കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.