കൊട്ടിക്കലാശമില്ലാതെ പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളിൽ വൈകീട്ട് ഏഴുവരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.സംസ്‌ഥാനം തെരഞ്ഞെടുപ്പിന് പൂര്‍ണസജ്‌ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ അറിയിച്ചു. ആകെ 957 സ്‌ഥാനാര്‍ഥികള്‍. രണ്ടു കോടി 74 ലക്ഷം വോട്ടര്‍മാര്‍ ആണുള്ളത്.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണു വോട്ടെടുപ്പ്. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ വൈകിട്ട് ആറിന് അവസാനിക്കും. കോവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. എല്ലായിടത്തും വോട്ടര്‍മാരുടെ താപനില പരിശോധിക്കും. ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ ഉദ്യോഗസ്‌ഥര്‍ക്കു തിരിച്ചറിയുന്നതിനായി മാസ്‌ക് താഴ്‌ത്തിക്കാണിക്കണം. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
അന്തിമ വോട്ടര്‍പട്ടികയില്‍ 2,74,46,039 പേരാണുള്ളത്. 140 മണ്ഡലങ്ങളിലായി 1,32,83,724 പുരുഷ വോട്ടര്‍മാരും 1,41,62,025 സ്‌ത്രീവോട്ടര്‍മാരും 290 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും. പ്രവാസി വോട്ടര്‍മാരായി 87,318 പുരുഷന്‍മാരും 6,086 സ്‌ത്രീകളും 11 ട്രാന്‍സ്‌ജെന്‍ഡര്‍മാരും.
സംസ്‌ഥാനത്തെമ്പാടുമായി 59,000 പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്രസേനയും. ഇത്രയധികം കേന്ദ്രസേന കേരളത്തില്‍ ഇതാദ്യമാണ്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലായി 298 നക്‌സല്‍ ബാധിത ബൂത്തുകളാണു കണ്ടെത്തിയിരിക്കുന്നത്. ഇവിടെയും മറ്റു പ്രശ്‌നബാധിത മേഖലകളിലും പോളിങ് സ്‌റ്റേഷന്‍ വളപ്പിനുള്ളില്‍ കേന്ദ്രസേനയെ നിയോഗിക്കും.
50 ശതമാനം പോളിങ് ബൂത്തുകളില്‍ വെബ്‌കാസ്‌റ്റിങ് ഏര്‍പ്പെടുത്തും. കാഴ്‌ചപരിമിതരായ വോട്ടര്‍മാര്‍ക്കായി ബ്രെയ്‌ലി സ്‌ളിപ്പുകള്‍ വിതരണം ചെയ്യും. സ്‌ത്രീകള്‍, പുരുഷന്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി മൂന്നു ക്യൂ. ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി പ്രത്യേക യാത്രാ സൗകര്യം. വോട്ടുചെയ്യാന്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് പൊതുഗതാഗത സംവിധാനത്തില്‍ സൗജന്യ പാസ് നല്‍കും.