മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും ആരോപണവുമായി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസ് പ്രതി അഞ്ജലി റീമ ദേവ്. തന്നെ കുടുക്കാൻ രാഷ്ട്രീയക്കാരൻ ഉൾപ്പടെ 6 പേര്‍ ശ്രമിക്കുന്നുണ്ടെന്നും അവർ തന്നെ അപായപ്പെടുത്താൻ സാധ്യത ഉണ്ടെന്നുമാണ് അഞ്ജലിയുടെ ആരോപണം. റോയ് വയലറ്റിനെ കേസിൽ കുടുക്കാനാണ് തന്നെ ഈ കേസിൽ വലിച്ചിടുന്നതെന്നും അഞ്ജലി ആരോപിക്കുന്നു. എല്ലാം കളവാണെന്നും അഞ്ജലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് ഹൈക്കോടതിയിൽ ഇന്ന് പരിഗണിക്കും. നമ്പർ 18 ഹോട്ടൽ ഉടമയായ റോയി വയലാട്ട്, ഇയാളുടെ സുഹൃത്ത് സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് എന്നിവരാണ് പ്രതികൾ. നമ്പർ 18 ഹോട്ടലിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. എന്നാൽ, പെൺകുട്ടിയുടെ മാതാവുമായുണ്ടായ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ് പരാതിയ്ക്ക് ആധാരമെന്നാണ് പ്രതികളുടെ വാദം.