നടിയെ ആക്രമിച്ച ദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ദൃശ്യങ്ങള്‍ തന്റെ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. ദൃശ്യങ്ങൾ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമെന്ന് നടി പ്രതികരിച്ചു. ദൃശ്യങ്ങൾ ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട് . വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നാണ് കത്തില്‍ പറയുന്നു. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തനിക്ക് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നെന്നും കത്തില്‍ അതിജീവിത പറയുന്നു.
സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം സ്ഥിരീകരിച്ചത്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രോസിക്യൂഷൻ രേഖാമൂലം നൽകിയ വാദങ്ങൾക്ക് ദിലീപ് ഇന്ന് മറുപടി നൽകും.