സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തുലുമായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണത്തിലേക്ക് എത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന പറഞ്ഞു. താന്‍ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചതെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സ്വപ്ന സുരേഷ് തുറന്നുപറഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണ്ണം കടത്തിയെന്ന് ഇതുവരെ താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കനറിയാമെന്നും സ്വപ്ന പറഞ്ഞു.കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പ് നല്‍കിയത് സന്ദീപ് പറഞ്ഞിട്ടാണ്. ശബ്ദരേഖ നല്‍കിയത് നിര്‍ദേശം അനുസരിച്ചാണ്. കസ്റ്റഡിയില്‍ നിന്ന് പുറത്തുവന്ന ഓഡിയോ ശിവശങ്കര്‍ ചെയ്യിച്ചത്. ശബ്ദരേഖ തിരക്കഥയായിരുന്നു. ശിവശങ്കറിനൊപ്പം നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തന്റെ കുടുംബത്തിലെ അവിഭാജ്യവും സുപ്രധാനവുമായ വ്യക്തിയായിരുന്നു ശിവശങ്കര്‍. മൂന്നു വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടില്‍ വരുമായിരുന്നു. മാസത്തില്‍ 2 തവണയെങ്കിലും ഒരുമിച്ചു ചെന്നൈയിലോ ബെംഗളൂരുവിലോ പോകുമായിരുന്നു. ചതിക്കാനാണെങ്കില്‍ എനിക്ക് ശിവശങ്കര്‍ സാറിനെ നിമിഷങ്ങള്‍ കൊണ്ട് ചതിക്കാമായിരുന്നു. ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. കളവ് പറഞ്ഞുകൊണ്ടല്ല, സത്യംപറഞ്ഞുകൊണ്ട് തന്നെ ചതിക്കാമായിരുന്നു. ശിവശങ്കറും ഞാനും തമ്മിലുള്ള കാര്യങ്ങളെ കുറിച്ചെഴുതുകയാണെങ്കില്‍ അത് വലിയൊരു പുസ്തകമായിരിക്കും. അതിന് വേണ്ട ഒരു പോയിന്റുകളും ചിത്രങ്ങളും യഥാര്‍ഥ്യങ്ങളുമുണ്ട്.
എനിക്ക് ആരേയും ചെളിവാരി തേക്കാന്‍ താത്പര്യമില്ല. എന്നെ എറിഞ്ഞാല്‍, ഞാനും എറിയും. ഒരു ഐ ഫോണ്‍കൊണ്ട് ഒരാളെ ചതിക്കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?
ഞാന്‍ കുറച്ച് വ്യക്തിത്വമുള്ള ആളാണ്. ആരെയെങ്കിലും സാധനങ്ങള്‍ എടുത്ത് ശിവശങ്കറിന് പൊതിഞ്ഞു കൊടുക്കേണ്ട കാര്യം എനിക്കില്ല. അങ്ങനെയാണെങ്കില്‍ എന്റെ ജീവിതത്തില്‍ ഒന്നും ഞാന്‍ ശിവശങ്കറിന് വേണ്ടി ചെയ്തുകൊടുക്കില്ലായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ചെയ്തുനല്‍കിയിട്ടുണ്ട്.
എന്റെ സാഹചര്യങ്ങള്‍ ശിവശങ്കര്‍ ചൂഷണം ചെയ്തിട്ടുണ്ട്. ഞാനൊരു ഇരയാണ്. എന്റെ വികാരങ്ങളേയും ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തേയും അദ്ദേഹം അധിക്ഷേപിച്ചു സ്വപ്ന പറഞ്ഞു.