കോഴിക്കോട് ജില്ലയില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. കളക്ടറേറ്റില്‍ കൊറോണയുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് അറിയിച്ചത്.
ജില്ലാമെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ബീച്ച് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്തി. തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ രോഗത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി.ഐ.എം.എ, ഐ.എ.പി, കെ.ജി.എം.ഒ, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, ഇ.എസ്.ഐ ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തു. ആശുപത്രികളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഡി.എം.ഒ ഡോ. ജയശ്രീ. വി വിശദീകരിച്ചു.
സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചു ഹോം ക്വാറന്റനിലുള്ള മുഴുവന്‍ പേരുടേയും ലിസ്റ്റും ഫോണ്‍ നമ്പറും നല്‍കി. 78 പേരുമായി കൗണ്‍സിലര്‍മാര്‍ ആശയവിനിമയം നടത്തുകയും നാലുപേര്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. പഞ്ചായത്ത് തല പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലയില്‍ പുതിയതായി ആറു പേര്‍ ഉള്‍പ്പെടെ 316 പേര്‍ നിരീക്ഷണത്തിലാണ്. രണ്ട് പേരുടെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മൂന്നുപേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നുപേരും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണെന്നും ഡി.എം.ഒ അറിയിച്ചു.
യോഗത്തില്‍ ഡബ്‌ളിയു.എച്ച്.ഒ കണ്‍സള്‍ട്ടന്റ് ഡോ. ശ്രീനാഥ് രാമമൂര്‍ത്തി, മറ്റു ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.