ചിലരങ്ങനെയാണ്, ജീവിതത്തിന് മുന്നിൽ വന്ന് പതിക്കുന്ന പ്രതിസന്ധികളെയും കഷ്ടപ്പാടിനെയൊന്നും സ്വയം തളരാൻ അനുവദിച്ചുകൊടുക്കാതെ തന്റെ സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കുന്നവർ. തുടർന്ന് ആ സ്വപ്ന വിജയത്തിൽ വലിയ സന്തോഷങ്ങൾ കണ്ടെത്തി ജീവിതത്തെ നിറങ്ങൾകൊണ്ട് കെട്ടിപ്പടുക്കുന്നവർ. ഇവിടെയാണ് കലോത്സവ നഗരിയിൽ തന്റെ നോവലുമായി എത്തിയ ശോഭ വേലായുധൻ ചേവരമ്പലം നമുക്ക് പ്രചോദനമാകുന്നത്.
അഞ്ചാം ക്ലാസ് മാത്രം വിദ്യഭ്യാസയോഗ്യതയുള്ള ശോഭ ഇന്ന് 176 പേജുകളുള്ള ‘പൊക്കൻ’ എന്ന മനോഹരമായ നോവലിന്റെ സൃഷ്ടിയാണ്. രണ്ടര വർഷംകൊണ്ട് എഴുതി തീർത്ത പുസ്തകം കഴിഞ്ഞ വർഷം ഒക്ടോബറിനാണ് അക്ഷര ബുക്ക്സ് പ്രസിദ്ധീകരിച്ചത്. പൊക്കന്റെ എഴുത്തിനുപിന്നിൽ വലിയ കഷ്ടപ്പാടിന്റെയും പറ്റിക്കപ്പെടലിന്റെയുമെല്ലാം കഥകളുണ്ട്. അഞ്ചാം ക്ലാസ് വരെ പഠിച്ചതുകൊണ്ട് തന്നെ ശോഭക്ക് തന്റെ എഴുത്തിൽ വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അക്ഷരതെറ്റ് പാടില്ല എന്ന കാരണത്താൽ താൻ പറഞ്ഞുകൊടുക്കുന്ന കഥ എഴുതാനായി മറ്റൊരാളെ ആശ്രയിക്കേണ്ടി വന്നു. അതിനായി പലരെ സമീപിച്ചെങ്കിലും പലയിടത്തു നിന്നും കബളിപ്പിക്കപ്പെട്ടു. ഒടുവിൽ പ്രതാപിന്റെ സഹായത്തോടെയാണ് പൊക്കൻ പൂർണ്ണമാവുന്നത്. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് മറ്റുകുട്ടികളിൽ നിന്നെല്ലാം വ്യത്യസ്‍തനായി ജനിച്ച പൊക്കന്റെ ജീവിത നേർകാഴ്ചകളാണ് ഈ പുസ്തകം.
ചെറുപ്പം തൊട്ടേ കലയോടുള്ള ഇഷ്ടം ശോഭയിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോട്ട് നിൽക്കുന്നതിനാൽ തന്നെക്കൊണ്ട് ഒരു കഥയെഴുതാനൊക്കെ സാധിക്കുമോ എന്ന സംശയവും അപകർഷതാബോധവും ശോഭയുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നു. എന്നാൽ ജീവിതത്തിലോട്ട് കടന്നുവന്ന പല മനുഷ്യരുടെയും പ്രോത്സാഹനമാണ് പ്രതിസന്ധികളുടെ അതിർവരമ്പ് കടന്ന് ഈ എഴുത്തുകാരിയെ മുന്നോട്ട് നയിച്ചത്. കൂടാതെ കഥകൾ എഴുതിയും അഭിനയിച്ചും പല ഷോർട് ഫിലിമുകളുടെയും ഭാഗമായിട്ടുണ്ട്. ഭർത്താവിന്റെ മരണത്തിന് മുന്നേ നാടകങ്ങളിലും മികച്ച പ്രകടനം തന്നെ ശോഭ കാഴ്ചവെച്ചിട്ടുണ്ട്. അറിയപ്പെടുന്ന പാട്ടുകാരനായിരുന്ന ഭർത്താവിന്റെ അകമഴിഞ്ഞ പിന്തുണ ഇന്നും ശോഭയ്ക്ക് വെളിച്ചമാകുന്നു.
പതിനൊന്ന് വയസ്സ് തൊട്ട് വീട്ടുജോലിയും കൂലിപ്പണിയുമെല്ലാം ചെയ്ത് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോയ ശോഭയ്ക്ക് ഭർത്താവിന്റെ മരണ ശേഷവും മക്കളെ വളർത്താനായി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. അതിനിടയിൽ മകന്റെ മരണവും മാനസികമായി ഒരുപാട് ബാധിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ കൂടെയുള്ളത് മകളും മരുമകനുമാണ്. ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെ എങ്ങനെ നേരിടാം എന്ന് കാണിച്ചു തരികയാണ് പൊക്കന്റെ എഴുത്തുകാരി. കലയെ നെഞ്ചിലേറ്റുന്ന കലോത്സവ മുറ്റത്ത് തന്റെ പുസ്തകങ്ങളുമായി വന്നാൽ ആരും വാങ്ങാതിരിക്കില്ല എന്ന ദൃഡ വിശ്വാസത്തിന്റെ പുറത്താണ് ശോഭ തന്റെ കഥയെയും കഥാപാത്രങ്ങളെയും ജനങ്ങളിലേക്കെത്തിക്കാൻ കലോത്സവ മൈതാനിയിൽ എത്തിയിരിക്കുന്നത്.