ഇന്ത്യയിൽ കൊവിഡ് മുന്നാം തരംഗം ആരംഭിച്ചെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതിയുടെ സ്ഥിരീകരണം.രാജ്യത്തെ മെട്രോ നഗരങ്ങളെയാണ് മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ ചൂണ്ടിക്കാണിച്ചു.
രണ്ടാം തരംഗത്തിൽ ഡൽഹി ഉൾപ്പെടെയുള്ള മഹാനഗരങ്ങളെല്ലാം വലിയ പ്രതിസന്ധി നേരിട്ടു, സമാന രീതിയിൽ മൂന്നാം തരംഗവും പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഓക്സിജൻ ക്ഷാമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമഗ്ര പദ്ധതി ആവിഷ്കരിക്കാനും സാധ്യതയുണ്ട്
ആദ്യഘട്ടത്തിൽ ഒമിക്രോൺ വകഭേദം പ്രത്യക്ഷപ്പെട്ടത് ആഫ്രിക്കൻ രാജ്യങ്ങളിലാണ് പിന്നീട് ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചു. അമേരിക്കയിലെ സ്ഥിതിഗതികൾ വ്യത്യസ്തമല്ല .ആഗോള തലത്തിൽ ഇങ്ങനത്തെ സാഹചര്യം തുടരുന്നതിനിടെ ഇന്ത്യയിൽ കൊവിഡ് രോഗികളുടെ കാര്യത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വൻ വർധനവുണ്ടായി.
ഒമിക്രോൺ വകഭേദമാണ് പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിലെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കുന്നുണ്ട്. വ്യാപനത്തിന്റെ തോത് നഗരങ്ങളിലാണ് കൂടുതലെന്നതും ആശങ്ക വർധിപ്പിക്കുന്ന കാര്യമാണ് . അതേസമയം കഴിഞ്ഞ തവണത്തേതിന് സമാനമായ ആശങ്കയ്ക്ക് ഇത്തവണ വകയില്ലെന്നാണ് അറോറ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ 80 ശതമാനം പേർക്കും വൈറസ് വന്ന് പോയെന്നും, 90 ശതമാനം മുതിർന്നവരും ഒരു ഡോസ് കൊവിഡ് വാക്സീനെങ്കിലും സ്വീകരിച്ചെന്നും, 65 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും എടുത്തെന്നുമുള്ളത് ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.