പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാവീഴ്ച. നരേന്ദ്രമോദിയെ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ച് കര്‍ഷകര്‍. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയെ മോദിയെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ കര്‍ഷകര്‍ തടയുകയായിരുന്നു.
പതിനഞ്ച് മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ധാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പഞ്ചാബിലുണ്ടായിരുന്നത്. ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭട്ടിൻഡയിലാണ് വിമാനമിറങ്ങിയത്. എന്നാൽ സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഹുസൈൻവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനായില്ല. ഹെലികോപ്റ്റർ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച് 20 മിനിറ്റോളം പ്രധാനമന്ത്രി ഭട്ടിൻഡയിൽ കാത്തിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത് ഉപേക്ഷിച്ച് റോഡ് മാർഗം പോകാൻ തീരുമാനിക്കുകയായിരുന്നു.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റാലി റദ്ധാക്കിയതെന്നാണ് നല്കുന്ന വിശദീകരണം. ഞായറാഴ്ച ലഖ്നൗവില്‍ നടത്താനിരുന്ന റാലിയും റദ്ധാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതില്‍ പഞ്ചാബിന് വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്