സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന ബി ജെ പി നേതാവുമായിരുന്ന കെ. അയ്യപ്പൻപിള്ള അന്തരിച്ചു(107). വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം തിരുവനന്തപുരം കോർപറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളാണ്. പിൽകാലത്ത് ബിജെപിയിൽ എത്തിയ അദ്ദേഹം ബിജെപിയുടെ അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു.രാജ്യത്തെ മുതിർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയായിരുന്നു കെ. അയ്യപ്പൻപിള്ള. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി അനുശോചിച്ചു
സ്വാതന്ത്ര്യസമരസേനാനിയും തിരുവനന്തപുരത്തെ പ്രമുഖ സാമൂഹ്യ -രാഷ്ട്രീയ പ്രവർത്തകനുമായ കെ അയ്യപ്പൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അഭിഭാഷകൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.