ന്യൂസിലാൻഡ് ബംഗ്ലാദേശ് ആദ്യ ടെസ്റ്റിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ എട്ടു വിക്കറ്റിന് അട്ടിമറിച്ച് ബംഗ്ലാദേശ്.
അഞ്ചാം ദിനം ജയിക്കാനാവശ്യമായിരുന്ന 40 റണ്‍സ് 16.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സ്‌കോര്‍: ന്യൂസീലന്‍ഡ്: 328/10, 169/10, ബംഗ്ലാദേശ്: 458/10, 42/2.
ന്യൂസീലന്‍ഡിനെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയം നേടിയതോടെ 2011-ല്‍ ഹാമില്‍ട്ടണിലെ പാകിസ്താന്റെ വിജയത്തിന് ശേഷം ന്യൂസീലന്‍ഡിനെ ന്യൂസീലന്‍ഡ് മണ്ണില്‍ ടെസ്റ്റില്‍ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ ടീമെന്ന നേട്ടവും ബംഗ്ലാദേശ് സ്വന്തമാക്കി.
ഒന്നാം ഇന്നിങ്‌സില്‍ ഡെവോണ്‍ കോണ്‍വെയുടെ സെഞ്ചുറി (122) മികവില്‍ 328 റണ്‍സെടുത്ത കിവീസിനെതിരേ മികച്ച ബാറ്റിങ് പുറത്തെടുത്ത ബംഗ്ലാദേശ് 458 റണ്‍സ് അടിച്ചെടുത്തിരുന്നു. ഒന്നാമിന്നിങ്സിൽ നേടിയ 130 റണ്‍സിന്റെ ലീഡാണ് ബംഗ്ലാദേശിന് നിര്‍ണായകമായത്.
ആദ്യ ഇന്നിങ്സില്‍ 176.2 ഓവര്‍ ബാറ്റു ചെയ്ത ബംഗ്ലാദേശ് ഒമ്പത് വര്‍ഷത്തിന് ശേഷം 170 ഓവര്‍ ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ റെക്കോർഡ് തകർത്ത് ന്യൂസീലന്‍ഡ് മണ്ണില്‍ ഏറ്റവും അധികം ഓവര്‍ ബാറ്റു ചെയ്യുന്ന സന്ദര്‍ശക ടീം എന്ന റെക്കോഡും സ്വന്തമാക്കി.
പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈന്റെ മികവില്‍ ബംഗ്ലാദേശ് കിവീസിനെ വെറും 169 റണ്‍സിലൊതുക്കി.
രണ്ടാം ഇന്നിങ്‌സില്‍ ഷദ്മാന്‍ ഇസ്ലാം (3), നജ്മുള്‍ ഹുസൈന്‍ (17) എന്നിവരുടെ വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് വിജയം കാണുകയായിരുന്നു. ക്യാപ്റ്റന്‍ മോനിമുള്‍ ഹഖ് (13), മുഷ്ഫിഖുര്‍ റഹീം (5) എന്നിവര്‍ പുറത്താകാതെ നിന്നു.