സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തിൽ പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പോലീസ് എഫ്ഐആർ. സന്ദീപിനെ ആക്രമിച്ചത് മുൻ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് എന്നും എഫ്ആആറില്‍ പറയുന്നു. കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമെന്നുമായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. സന്ദീപിന്റെ കൊലപാതകത്തിന് പിന്നാലെ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ജില്ലാ പോലീസ് സൂപ്രണ്ട് അടക്കമുള്ള ആളുകൾ സംഭവത്തിൽ രാഷ്ട്രീയപരമായ ബന്ധം തള്ളുകയും മുൻവൈരാഗ്യമാണ് കാരണമെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്.
പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്ഐആറിലാണ് ഇപ്പോൾ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്.അതേസമയം പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും.തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടിയേക്കും.
ഡിസംബർ രണ്ടിന് രാത്രി മേപ്രാലിൽവച്ചായിരുന്നു സന്ദീപിനെ ഒരു സംഘം കൊലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു.