ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ലീഡ് ഇനിയും ഇടിയുമെന്നും ഭൂരിഭാഗം സീറ്റുകളിലും ടി.ആര്‍.എസ് വിജയിച്ചുകഴിഞ്ഞെന്നും ടി.ആര്‍.എസ് നേതാവ് കെ. കവിത.
വന്‍പിന്തുണ തന്നെയാണ് ടി.ആര്‍.എസിന് ജനങ്ങള്‍ നല്‍കിയതെന്നും കൃത്യമായ ചിത്രം രണ്ടോ മൂന്നോ മണിക്കൂറിനകം പുറത്തുവരുമെന്നും കെ. കവിത പറഞ്ഞു.
‘ ടി എര്‍ എസ് ഭൂരിഭാഗം സീറ്റുകളിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പേപ്പര്‍ ബാലറ്റ് ആയതുകൊണ്ട് തന്നെ മൂന്ന് നാല് മണിക്കൂറികനം ചിത്രം തെളിയും. ബി.ജെ.പിയുടെ ലീഡ് ഇനിയും താഴോട്ട് ഇടിയുമെന്നാണ് വിശ്വസിക്കുന്നത്. ടി.ആര്‍.എസ് ലീഡ് നില ഉയര്‍ത്തും”, കെ. കവിത പറഞ്ഞു.
70 ഇടങ്ങളില്‍ ടി.ആര്‍.എസ് വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ ലീഡ് 36 ഇടത്തുമാത്രമാണ്. 42 വാര്‍ഡുകളില്‍ എ.ഐ.എം.ഐ.എമ്മും മുന്നേറുന്നുണ്ട്. ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
50 വാര്‍ഡുകളിലാണ് എ.ഐ.എം.ഐ.എം മത്സരിക്കുന്നത്. അതേസമയം ടി.ആര്‍.എസിന്റെ ഓഫീസുകളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിട്ടുണ്ട്.
150 വാര്‍ഡുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 മണ്ഡലങ്ങള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നതാണ്. 2016 ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99 ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.