ന്യൂദല്‍ഹി: മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം നല്‍കുക. ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കും.
ജമ്മുകശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുപോലെ തന്നെ പൗരത്വഭേദഗതി ബില്ലും മുന്‍ഗണന അര്‍ഹിക്കുന്നതാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞിരുന്നു.
ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി വരുത്തും. മുസ്ലീങ്ങളെ ഒഴിവാക്കുന്നതിനാല്‍ ഇന്ത്യയുടെ മതേതര തത്വങ്ങള്‍ക്ക് ബില്‍ വിരുദ്ധമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ബി.ജെ.പി എം.പിമാരോട് പാര്‍ലമെന്റില്‍ ഹാജരാകണമെന്ന് നേതൃത്വം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുസ്ലീം കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനാല്‍ തന്നെ ബില്‍ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
ബില്‍ മതേതരത്വത്തിന് എതിരാണെന്ന വിമര്‍ശനം ശരിയല്ല. മുസ്ലിം രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് പൗരത്വം കൊടുക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നായിരുന്നു രാജ്നാഥ് സിങ് പറഞ്ഞത്.
കഴിഞ്ഞ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ അസാധുവാകുകയായിരുന്നു. ബി.ജെ.പി എം.പിമാരുടെ പ്രതിവാര യോഗത്തില്‍ സംസാരിച്ച രാജ്‌നാഥ് സിങ് അടുത്തയാഴ്ച ബില്‍ പാര്‍ലമെന്റില്‍ വരാമെന്നും ഡിസംബര്‍ 10ന് മുമ്പ് ഇത് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചിട്ടുണ്ട്.