പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയില്‍ ലഭിക്കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതിയില്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് കോടതിയും ചോദിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.തെളിവെടുപ്പ് നടപടികൾ വിഡിയോയിൽ പകർത്തണമെന്ന കർശന നിർദ്ദേശവും കോടതി അന്വേഷണ സംഘത്തിനു നൽകി. ഇതിന്റെ സിഡി സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്തത്. ഇത് തെറ്റായ കേസ് ആണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്.മുറിക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.