Local

റോയ് കൃഷ്ണയുടെ പെനാൽറ്റി ഗോളിൽ മലപ്പുറം എഫ്സി

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിലെ ഗ്യാലറി നിറച്ച ഫുട്ബോൾ പ്രേമികൾക്ക് റോയ് കൃഷ്ണയുടെ പെനാൽറ്റി ഗോൾ സമ്മാനം. സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ രണ്ടാം മത്സരത്തിൽ മലപ്പുറം എഫ്സിക്ക് വിജയം. തൃശൂർ മാജിക് എഫ്സിക്കെതിരെ എഴുപത്തിരണ്ടാം മിനിറ്റിൽ റോയ് കൃഷ്ണ നേടിയ പെനാൽറ്റി ഗോളാണ് മലപ്പുറത്തിന് വിജയം നൽകിയത്.

മൂന്നാം മിനിറ്റിൽ തൃശൂർ എഫ്സിയാണ് മത്സരത്തിലെ ആദ്യ നീക്കം നടത്തിയത്. പക്ഷെ, സെർബിയക്കാരൻ ഇവാൻ മാർക്കോവിച്ച് അടിച്ച പന്ത് മലപ്പുറം ഗോളി അസ്ഹറിന്റെ കൈകളിൽ സുരക്ഷിതമായി. പതിനൊന്നാം മിനിറ്റിൽ തൃശൂരിന്റെ ബിബിൻ അജയൻ പറത്തിയ പൊള്ളുന്ന ഷോട്ട് അസ്ഹർ ഡൈവ് ചെയ്തു രക്ഷപ്പെടുത്തി.

ഫിജി ഇന്റർനാഷണൽ റോയ് കൃഷ്ണയെ ആക്രമണത്തിന് നിയോഗിച്ച് സ്വന്തം ഗ്രൗണ്ടിൽ പോരാട്ടത്തിന് ഇറങ്ങിയ മലപ്പുറം എഫ്സിക്ക് ആദ്യ കാൽ മണിക്കൂറിനിടെ ഗോൾ മണമുള്ള ഒരു നീക്കം പോലും നടത്താൻ കഴിഞ്ഞില്ല. പത്തൊൻപതാം മിനിറ്റിൽ മലപ്പുറത്തിന്റെ ഫക്കുണ്ടോ ബല്ലാഡോയെ ഫൗൾ ചെയ്തതിന് തൃശൂരിന്റെ ഇന്ത്യൻ ഇന്റർനാഷണൽ ലെനി റോഡ്രിഗസിന് റഫറി മഞ്ഞക്കാർഡ് നൽകി.

ഗനിയും ഫസലുവും ഉൾപ്പടെയുള്ള മലപ്പുറത്തിന്റെ പേരുകേട്ട കളിക്കാരെല്ലാം ആദ്യ പകുതിയിൽ നിറം മങ്ങിയപ്പോൾ മൊറൊക്കോക്കാരൻ ബദർ ബൊൽറൂദ് മൈതാനം മുഴുവൻ നിറഞ്ഞു കളിച്ചു.

മുപ്പത്തിയേഴാം മിനിറ്റിൽ തൃശൂരിന്റെ മാർക്കസ് ജോസഫ് ഒറ്റയ്ക്ക് മുന്നേറി തൊടുത്തുവിട്ട ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. തൊട്ടു പിന്നാലെ മലപ്പുറത്തിനായി റോയ് കൃഷ്ണ നടത്തിയ ശ്രമത്തിനും ലക്ഷ്യബോധമില്ലായിരുന്നു. പരിക്കേറ്റ സൽമാനുൽ ഫാരിസിന് പകരം തൃശൂർ അഫ്സലിനെയും നായകൻ ഫസലുറഹ്‌മാന് പകരം മലപ്പുറം റിഷാദിനെയും കൊണ്ടുവന്നതിന് പിന്നാലെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.

ഒന്നാം പകുതിയിൽ നിറം മങ്ങിയ മലപ്പുറം താരങ്ങൾ രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമണത്തിന് ഇറങ്ങി. നാൽപ്പത്തിയെട്ടാം മിനിറ്റിൽ യുവതാരം അഭിജിത്തിന്റെ കാലിൽ നിന്ന് പറന്ന ഷോട്ടിന് തൃശൂർ ഗോളിയെ പരീക്ഷിക്കാൻ കരുത്തുണ്ടായിരുന്നില്ല.
അറുപത്തിയൊന്നാം മിനിറ്റിൽ തൃശൂർ സെന്തമിഴ്, എസ് കെ ഫയാസ് എന്നിവരെ കളത്തിലിറക്കി. പിന്നാലെ മലപ്പുറം ബ്രസീലുകാരൻ ജോൺ കെന്നഡി, അഖിൽ പ്രവീൺ എന്നിവർക്കും അവസരം നൽകി. വന്നയുടനെ ഇടതു വിങിലൂടെ ഒറ്റയ്ക്ക് മുന്നേറി കെന്നഡി ഓട്ടത്തിനിടെ അടിച്ച പന്ത് തൃശൂർ ഗോളി കമാലുദ്ധീൻ ബാറിന് മുകളിലൂടെ തട്ടിത്തെറിപ്പിച്ചു.

എഴുപത്തിരണ്ടാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. കോർണർ കിക്കിനിടെ ഹക്കുവിനെ സെന്തമിഴ് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിക്കുകയായായിരുന്നു. കിക്കെടുത്ത റോയ് കൃഷ്ണ ലക്ഷ്യം കണ്ടു (1-0). ഗോൾ നേടിയതിന് പിന്നാലെ മലപ്പുറം അഭിജിത്തിന് പകരം അക്ബർ സിദ്ധീഖിനെ കൊണ്ടുവന്നു. മുഹമ്മദ്‌ ജിയാദ്, സാവിയോ സുനിൽ എന്നിവരെ കളത്തിക്കിറക്കി ഗോൾ തിരിച്ചടിക്കാനുള്ള തൃശൂരിന്റെ ശ്രമങ്ങൾ ഫലം കാണാതെ പോയതോടെ മലപ്പുറം എഫ്സി സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ ജയം കുറിച്ചു. 14,236 പേരാണ് ഇന്നലെ മത്സരം കാണാൻ പയ്യനാട് സ്റ്റേഡിയത്തിലെത്തിയത്.

ഇന്ന് (ഒക്ടോബർ നാല്) കളിയില്ല. നാളെ (ഒക്ടോബർ അഞ്ച്) തിരുവനന്തപുരം കൊമ്പൻസ് എഫ്സി കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!