കടുത്ത വാഹനപ്രേമിയായ മമ്മൂട്ടിയുടെ ഗ്യാരേജിൽ എത്തിയ പുതിയ വാഹനം ഏതാണെന്ന തിരച്ചിലിൽ ആയിരുന്നു കഴിഞ്ഞ കുറേ ദിവസമായി വാഹനപ്രേമികൾ. ഇപ്പോളിതാ അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ്. മെഴ്‌സിഡീസിന്റെ ബെൻസ് എ.എം.ജി. 45 എസ് ഫോർമാറ്റിക് മോഡലാണ് മമ്മൂട്ടി പുതിയതായി ഗ്യാരേജിൽ എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ എത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പെർഫോമെൻസ് ഉറപ്പാക്കുന്ന ആഡംബര ഹാച്ച്ബാക്ക് മോഡലാണ് എ.എം.ജി.45 എസ്. 92.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ബെൻസ് എ-ക്ലാസ് മോഡലിന്റെ പെർഫോമെൻസ് പതിപ്പായി മെഴ്‌സിഡീസ് എത്തിച്ചിട്ടുള്ള വാഹനമാണ് എ.എം.ജി. 45 എസ്. 2.0 ലിറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന ഈ മോഡൽ 421 ബി.എച്ച്.പി. പവറും 500 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഡ്യുവൽ ക്ലെച്ചാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. കേവലം 3.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 270 കിലോമീറ്ററാണ്.
പുതിയൊരു വാഹനത്തിനായി എറണാകുളം ആർ.ടി.ഓഫീസിലെ പുതിയ രജിസ്‌ട്രേഷൻ സിരീസായ കെ.എൽ.07 സി.ഡിക്കൊപ്പം തന്റെ ഇഷ്ടനമ്പറായ 369 മമ്മൂട്ടി സ്വന്തമാക്കിയ വിവരം വാർത്തകളിൽ നിറഞ്ഞിരുന്നു. 1.31 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം KL 07 CD 369 എന്ന നമ്പർ നേടിയത്. 5,000 രൂപ മാത്രം അടിസ്ഥാന വിലയിട്ടിരുന്ന 369 എന്ന നമ്പർ മമ്മൂട്ടി ചേർത്തു പിടിച്ചതോടെയാണ് താരമൂല്യമുയർന്ന് ബ്രാൻഡ് നമ്പറായി മാറിയത്. ത്രികോണ മത്സരത്തിലൂടെയാണ് പുതിയ വാഹനത്തിന് മമ്മൂട്ടി തന്റെ ഇഷ്ടനമ്പർ സ്വന്തമാക്കിയത്.