മലയാളത്തിലെ എക്കാലത്തെയും പണം വാരി പടമായ മോഹൻലാൽ നായകവേഷം ചെയ്ത് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ചിരഞ്ജീവി നായകനാവുന്ന ചിത്രത്തിന് ഗോഡ്ഫാദർ എന്നാണ് പേരിട്ടിരിക്കുന്നത്.ലൂസിഫറിനെക്കുറിച്ച് ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ല എന്നും തങ്ങൾ അത് അപ്ഗ്രേഡ് ചെയ്തു കൂടുതൽ ആകർഷകമാക്കിയെന്നും ചിരഞ്ജീവി പറയുന്നു. ഗോഡ്ഫാദർ പ്രേക്ഷകർക്ക് തൃപ്തി നൽകുമെന്നും സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ നടൻ അഭിപ്രായപ്പെട്ടു
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്.ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സല്‍മാന്‍ ഖാന്‍ എത്തുന്നു. മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് പുഷ്പ ഒരുക്കിയ സുകുമാറിന്‍റെ പേരായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.