തിരുവനന്തപുരം: പട്ടിയെ കൊല്ലുന്നത് തെരുവുനായ വിഷയത്തിന് പരിഹാരമല്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പട്ടിയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ”പട്ടിയെ കൊന്നുകളയുക എന്നത് ഒരു പരിഹാരമല്ല. അങ്ങനെ ചിലരുണ്ട്. ഷെൽട്ടർ തുടങ്ങാൻ പാടില്ല, വാക്സിനേഷന് സഹകരിക്കില്ല, ഒന്നിനും സഹകരിക്കില്ല. പട്ടിയെ തല്ലിക്കൊല്ലുക, തല്ലിക്കൊന്ന് കെട്ടിത്തൂക്കുക ഇങ്ങനെയുള്ള ക്രൂരമായിട്ടുള്ള കൃത്യങ്ങൾ ചെയ്യുന്നവരുണ്ട്. അതൊക്കെ കർശനമായി, നിയമപരമായി നേരിടും. അതൊന്നുമല്ല അതിനുള്ള പരിഹാരം. അങ്ങനെയൊന്നും ഈ പ്രശ്നം പരിഹരിക്കാനും പറ്റില്ല. പ്രശ്നത്തിനുള്ള പരിഹാരം ശാസ്ത്രീയമായി തന്നെയേ സാധ്യമാകൂ. അത് ഈ രണ്ട് മാർഗങ്ങളാണ്. അതിനോട് സഹകരിക്കുകയാണ് ചെയ്യേണ്ടത്.” എംബി രാജേഷ് പറഞ്ഞു.