വനഅദാലത്ത് ഇന്ന് (ഒക്ടോബര്‍ 5 ന്)
ജില്ലയിലെ വന അദാലത്ത് ഒക്ടോബര്‍ 5 ന് താമരശ്ശേരിയിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടത്തും. വനഭൂമി സംബന്ധിച്ച പരാതികളല്ലാതെ വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതു ജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിനുളള നടപടികള്‍ വന അദാലത്തില്‍ സ്വീകരിക്കും. അദാലത്തിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പു മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. കാരാട്ട് റസാഖ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്, ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളാവും.
ഒപ്പം അദാലത്ത് ഇന്ന് (ഒക്ടോബര്‍ അഞ്ചിന്)
കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നെഹ്റു യുവകേന്ദ്രപരീശീലന പരിപാടികള്‍ സംഘടിപ്പിക്കും
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിന് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പരീശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യുവജനക്ഷേമത്തിനായുള്ള ജില്ലാതല ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യത്തെ പരിശീലന പരിപാടി ഒക്ടോബര്‍ അവസാനത്തോടെ യൂത്ത് ഹോസ്റ്റലില്‍ ആരംഭിക്കും. തുടക്കത്തില്‍ 100 യുവതീ യുവാക്കള്‍ക്കാണ് പരിശീലനം നല്‍കുക.
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ കൗമാര സംബന്ധമായ പ്രശ്ന പരിഹാരങ്ങള്‍ക്ക് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ ഏകോപനം ഉറപ്പുവരുത്താന്‍ ശില്പശാല സംഘടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്കിം, എന്‍.സി.സി, എസ്.പി.സി, സാമൂഹ്യനീതി വകുപ്പ്, എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. നവംബറില്‍ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്, ജില്ലതല കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. പങ്കെടുക്കുന്ന മുഴുവന്‍ ക്ലബുകള്‍ക്കും കായിക ഉപകരണങ്ങളും നല്‍കാനും യോഗത്തില്‍ തീരുമാനമായി.
നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. യോഗത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. വി.വത്സരാജന്‍, പി.ആര്.ഡി അസി.എഡിറ്റര്‍ കെ.മുഹമ്മദ്, എന്‍. സി. സി ഓഫീസര്‍ സബ് മേജര്‍ പി.ആര്. ദേവേന്ദ്രന്, എ.ഡി സി. നിബു. ടി. കുര്യന്, അസി. പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, ജില്ല സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ല വനിത ക്ഷേമ ഓഫീസര്‍ പി.എം സൂര്യ, ഡോ. സി.പി. ബേബി ഷീബ, നളിന്‍ , വി .എസ്. മിഥുന് ആനന്ദ്, വി പി. ഗായത്രി, എന്‍.ടി പ്രിയേഷ്, ഒ.ജ്യോതിഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര നവോത്ഥാനം പദ്ധതി
പ്രളയബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ക്ഷീര നവോത്ഥാനം പദ്ധതിയുമായി ക്ഷീര വികസന വകുപ്പ്, പ്രളയം കവര്‍ന്നെടുത്ത ജീവിതമാര്‍ഗ്ഗങ്ങള്‍ തിരികെ പിടിക്കുന്നതിന് ഒരു പരിധിവരെ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതാണ് ഈ പദ്ധതി. 2018-19 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പ്രത്യേക പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ക്ഷീര നവോത്ഥാനം പദ്ധതി നടപ്പിലാക്കുന്നത്. 1.25 കോടി രൂപയുടെ ധനസഹായം ക്ഷീര നവോത്ഥാനം പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭ്യമാകും. വിവിധ പശു യൂണിറ്റുകള്‍ (ഗോധനം (ഒരു പശു യൂണിറ്റ്), രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്), സംയോജിത പശു യൂണിറ്റ് പദ്ധതികള്‍, തൊഴുത്ത് നിര്‍മ്മാണം/നവീകരണം, ആവശ്യാധിഷ്ഠിത ധനസഹായം, കണ്ടിജന്‍സി ഫണ്ട്, പ്രളയബാധിത ഡയറി ഫാമുകളുടെ പുനരുദ്ധാരണം എന്നീ ഇനങ്ങള്‍ക്ക് ധനസഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ബ്ലോക്കുതലത്തിലുളള ക്ഷീര വികസന യൂണിറ്റുമായോ, ജില്ലാ ക്ഷീര വികസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ 0495 2371254
മില്‍ക്ക് ടെസ്റ്റര്‍മാര്‍/ലാബ് അസിസ്റ്റന്റുമാര്‍ക്കുള്ള പരിശീലനംബേപ്പൂര്, നടുവട്ടത്തുളള (വായനശാല ബസ്സ്റ്റോപ്പ്) കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം മില്‍ക്ക് ടെസ്റ്റര്‍മാര്‍ക്കു മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്‍പത്, 10, 11 തീയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്പര്യമുളളവര് ഒന്‍പതിന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ക്ഷീര സംഘത്തില്‍നിന്നും പരിശീലനത്തിന് നിയോഗിച്ചു കൊണ്ടുള്ള കത്തും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് 0495 2414579.
ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കണം
2019-20 വര്‍ഷത്തെ മത്സ്യത്തൊഴിലാളി/മത്സ്യത്തൊഴിലാളി വിധവ അംഗത്വ അന്തിമ പട്ടിക ഫിഷറീസ് ഓഫീസുകളില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതില്‍ പരാതി/ആക്ഷേപമുണ്ടെങ്കില്‍ ഒക്ടോബര്‍ 15 ന് അഞ്ച് മണിക്കുള്ളില്‍ അപ്പീല്‍ അപേക്ഷ ബന്ധപ്പെട്ട ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കാമെന്ന് റീജിയണല്‍ എക്സിക്യൂട്ടീവ് അറിയിച്ചു.
പശു വളര്‍ത്തലില്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 16,17 തീയതികളില്‍ പശു വളര്‍ത്തല്‍ പരിശീലനം നല്‍കും. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമൂണ്ടായിരിക്കുകയുളളു. ഫോണ്‍ : 04972 763473.
പന്നി വളര്‍ത്തലില്‍ പരിശീലനംകണ്ണൂര് ജില്ലാ മൃഗാശുപത്രിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍ പന്നി വളര്‍ത്തല്‍ പരിശീലനം നല്‍കും. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമൂണ്ടായിരിക്കുകയുളളു. ഫോണ്‍ : 04972 763473.
കോഴിക്കോടിനെ നാളികേര വിപണനത്തിന്റെ ഹബായി മാറ്റും-കൃഷിമന്ത്രി
വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഡി – കോക്കോസ് കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദര്‍ശന വിപണന മേള വടകര ടൗണ്‍ ഹാളില്‍ കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.നാണു എം. എല്‍ എ അധ്യക്ഷനായിരുന്നു. നാളികേര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദന കമ്പനികള്‍ക്ക് ഗവ. സഹായം നല്‍ക്കുമെന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. നാളികേര കൃഷിയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നാളികേര വികസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മിഷന് ആരംഭിച്ചു കഴിഞ്ഞു. കൂടാതെ തെങ്ങിനെ ബാധിക്കുന്ന കീട രോഗങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ഇ.ശശിന്ദ്രന് ആമുഖ പ്രഭാഷണം നടത്തി. വടകര മുനിസിപ്പല്‍ ചെയര്മാന് കെ. ശ്രീധരന്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, നാളികേര വികസന കോര്പ്പറേഷന് ചെയര്മാന് എം നാരായണന്, മോഹനന് മാസ്റ്റര്‍, മുരളിധരന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര് ബിന്ദു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി സെക്രട്ടറി ഇ.കെ. കരുണാകരന് സ്വാഗതവും വൈസ് ചെയര്മാന് കെ.സദാനന്ദന് നന്ദിയും രേഖപ്പെടുത്തി
ഫിസിക്സ് : ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കോഴിക്കോട് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഫിസിക്സ്, ഹിന്ദി വിഭാഗങ്ങളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സായവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റിലെ അതിഥി അദ്ധ്യാപക പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. താല്പര്യമുളളവര് ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 മണിയ്ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം കൂടീക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ്
സര്‍ക്കാര്‍ അംഗീകൃത കോഴ്സ് ആയ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ് എന്ന ഏകവര്‍ഷ കോഴ്സിന് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ആരംഭിക്കുന്നു. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 16 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ ഫോറം സിവില്‍സ്റ്റേഷനിലെ ഡവലപ്മെന്റ് സെന്ററില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0495-2370026.
വാഹന ടെണ്ടര്‍ ക്ഷണിച്ചു
ഇലക്ട്രീക്കല് ഇന്‍സ്പെക്ടറേറ്റ് വകുപ്പില്‍ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രീക്കല് ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ ഉപയോഗത്തിനായി വാടകയിനത്തില്‍ 2020 മാര്‍ച്ച് 31 വരെ ഓടിയ്ക്കുവാനായി എയര്‍ കണ്ടീഷനിംഗ് സൗകര്യമുളള 2014 നും അതിനുശേഷവും നിര്‍മ്മിച്ച ടാറ്റാ ഇന്‍ഡിക്ക, മാരുതി സ്വിഫ്റ്റ്, മഹേന്ദ്ര ലോഗന്, ടയോട്ട എറ്റിയോസ്, ഡീസല്‍ കാര്‍ (വെളുപ്പ് നിറം കുടുതല്‍ ഉചിതം) ആവശ്യമുണ്ട്. കരാറടിസ്ഥാനത്തില്‍ ഓടിയ്ക്കുവാന്‍ താല്പര്യമുളള കാര്‍ ഉടമസ്ഥരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26 ന് ഉച്ച മൂന്ന് മണി വരെ. ഫോണ്‍ – 0495 2950000

