ന്യൂഡൽഹി: 5%, 12%, 18%, 28% എന്നിങ്ങനെയുള്ള 4 ജിഎസ്‌ടിനികുതി സ്ലാബുകൾ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിർണായക കേന്ദ്രശുപാർശ ജിഎസ്ടി കൗൺസിൽ യോഗം അംഗീകരിച്ചു. നിലവിൽ 12%, 28% എന്നീ നിരക്കുകൾ ബാധകമായിരുന്ന ഒട്ടേറെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നീ സ്ലാബുകളിലേക്കു കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്തു.
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യവും അംഗീകരിച്ചു. സെപ്റ്റംബർ 22ന് മാറ്റങ്ങൾ പ്രാബല്യത്തിലാകും. ഇന്നത്തേക്കു കൂടി നീളേണ്ടിയിരുന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് ഇന്നലെ രാത്രി അവസാനിച്ചത്. സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് അടിമുടി പൊളിച്ചെഴുത്ത്. നികുതി കുറയുന്നതോടെ വിലയും കുറഞ്ഞേക്കും.
വില കുറയാൻ സാധ്യത നിലവിൽ 12% നികുതി ബാധകമാകുന്ന 99% ഇനങ്ങൾക്കും 5% എന്ന കുറഞ്ഞ നികുതി മാത്രമേ ചുമത്തൂ. നിത്യോപയോഗ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വിദ്യാഭ്യാസച്ചെലവുകൾ എന്നിവയ്ക്ക് ഇതോടെ നികുതി 5 ശതമാനമോ, അതുമല്ലെങ്കിൽ നികുതിയില്ലാതാവുകയോ ചെയ്യും. 28% നികുതി ബാധകമാകുന്നവയിൽ 90% ഇനങ്ങളും 18% നികുതിയിലേക്കു മാറും. പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ (ഉദാ: കോള), പാൻ മസാല അടക്കമുള്ള ഏഴിനങ്ങൾക്ക് 40% നികുതി ഈടാക്കും.
- 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി.
- ജീവൻരക്ഷാ മരുന്നുകളുടെയും അർബുദ, അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും 5% നികുതി ഒഴിവാക്കി, മറ്റെല്ലാ മരുന്നുകളുടെയും നികുതി 12 ശതമാനമായിരുന്നത് 5 ആയി കുറച്ചു.
- ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും.നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമായി കുറഞ്ഞു.
∙* എസി, ടെലിവിഷൻ (32 ഇഞ്ചിനു മുകളിൽ) എന്നിവയുടെ വില കുറയും ∙
- ലോട്ടറിയുടെ 28% നികുതി 40 ശതമാനമായി കൂടി
- സിമന്റിന്റെ ജിഎസ്ടി 28% ആയിരുന്നത് 18 ശതമാനമായി കുറയുന്നത് നിർമാണമേഖലയ്ക്ക് നേട്ടമാകും.∙
- മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെയും വില കുറയും

