മഗ്സെസെ അവാര്‍ഡ് നിരസിച്ചതിൽ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തി എന്ന നിലയിലായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനത്തിലേക്ക് എത്തിയത്. ഇത് തന്റെ വ്യക്തിപരമായ കാര്യമല്ലെന്നും കെകെ ശൈലജ പ്രതികരിച്ചു.
കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ആ ഫൗണ്ടേഷന്‍ അവാര്‍ഡ് കൊടുത്തിട്ടില്ല. നല്‍കുന്നത് വലിയ പുരസ്‌കാരം തന്നെയാണ്. പക്ഷേ ഒരു എന്‍ജിഒ എന്ന നിലയില്‍ അത്തരമൊരു പുരസ്‌കാരം കമ്മ്യൂണിസ്റ്റ്കാരിയെന്ന നിലയില്‍ സ്വീകരിക്കണോ എന്നതാണ് ചര്‍ച്ചയായത്.
മിക്കവാറും ഇത്തരം എന്‍ജിഒകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുന്നവയല്ല. ഇപ്പോഴെടുത്ത തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണ്. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി അറിയിക്കുകയും ഒരു വ്യക്തി എന്ന നിലയില്‍ മാത്രമായി അത് സ്വീകരിക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്’. കെ കെ ശൈലജ വ്യക്തമാക്കി.പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്സെസെ അവാര്‍ഡ് നിരസിച്ചതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. കൊവിഡ് പ്രതിരോധം സര്ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തന ഫലമാണ്. ശൈലജയെ പുരസ്ക്കാരത്തിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണ്. മഗ്‍സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ശൈലജ ഒരാഴ്ച മുൻപ് വിളിച്ചു കാര്യം അറിയിച്ചിരുന്നുവെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.