ചാലക്കുടിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് വളരെയധികം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ചാലക്കുടി പുഴയിലെ നീരൊഴുക്ക് ഗൗരവമുള്ളതാണ്. പുഴയുടെ തീരത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കും. 2018ന് സമാനമായ രീതിയിലുള്ള ഒഴിപ്പിക്കല്‍ ചാലക്കുടി പുഴയുടെ തീരത്തുണ്ടാകും. ആളുകള്‍ മാറാന്‍ കാത്തിരിക്കാതെ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായി റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു.
പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്നും വലിയ അളവില്‍ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും അടിയന്തര നിര്‍ദേശം.
ഒരു മണിക്കൂര്‍ മുന്‍പ് പറമ്പിക്കുളത്തുള്ള സ്പില്‍ 16100 ക്യൂസെക്സ് ആണ്. 17480 ക്യൂസെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്കെത്തുന്നത്. പുറത്തുള്ള മഴമൂലമാണ് ഈ അളവ് കൂടിയത്. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
മലയോര മേഖലകളില്‍ ഒരേ സ്ഥലത്തു തന്നെ മഴ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യമാണ്. മലയോരയാത്രകള്‍ നടത്തരുത്. ലയങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റണം എന്നും മന്ത്രി നിര്‍ദേശിച്ചു. കൂട്ടത്തോടെ കാഴ്ചകള്‍ കാണാന്‍ പോകരുത്. ‘ഫ്‌ലഡ് ടൂറിസം’ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. എന്‍ഡിആര്‍എഫിന്റെ 9 സംഘങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. ഒരു സംഘത്തെ കൂടി ആവശ്യപ്പെട്ടതായും കെ.രാജന്‍ പറഞ്ഞു. മുന്നറിയിപ്പ് കണക്കിലെടുക്കാതെ കടലില്‍ പോകരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
എല്ലാ കാലാവസ്ഥാ ഏജന്‍സികളുടെയും പ്രവചനം സമാന രീതിയില്‍ ഉള്ളതാണ്. മുന്നൊരുക്കങ്ങളില്‍ കുറവ് വരുത്തിയിട്ടില്ല. നാളെ വരെ അതീവ ജാഗ്രത തുടരും. സാമാന്യ ദുരന്തം ഒഴിഞ്ഞെന്ന് പ്രഖ്യാപിക്കും വരെ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും റവന്യൂ മന്ത്രി പറഞ്ഞു. എറണാകുളത്ത് അവധി നല്‍കാന്‍ വൈകിയോ എന്നത് പരിശോധിക്കുമെന്നും കെ.രാജന്‍ പറഞ്ഞു.
പുഴയിലൂടെ ഒഴുകിവരുന്ന സാധനങ്ങള്‍ പിടിക്കുക, വെള്ളം കാണാന്‍ പോവുക, പുഴയിലിറങ്ങുക, നീന്തിക്കടക്കുക, പാലങ്ങളില്‍ നില്‍ക്കുക, മീന്‍പിടിക്കുക, കുളിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്. മഴ മുന്നറിയിപ്പ് എപ്പോള്‍ വേണമെങ്കിലും മാറാവുന്നതാണ്. തീരത്തുള്ളവരും ലയങ്ങളില്‍ താമസിക്കുന്നവരേയും ദുരന്തസാധ്യത കണക്കിലെടുത്ത് മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മാറാന്‍ ജനങ്ങള്‍ വിസമ്മതിച്ചാല്‍ പോലീസിന്റേയും റവന്യൂ അധികൃതരുടേയും ഇടപെട്ട് മാറ്റും. ചാലക്കുടിയില്‍ വളരെ അടിയന്തരമായി മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ കൊണ്ടുവരാനുള്ള സജ്ജീകരണം നടത്തുന്നുണ്ട്.