വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്‌നാസ് അറസ്റ്റില്‍. വിവാഹം കഴിക്കുമ്പോൾ റിഫ മെഹ്‍നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസര്‍കോടുനിന്ന് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. മെഹ്നാസിനെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും. മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബായ് ജാഫിലിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മെഹ്‍നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.വ്‌ളോഗര്‍, ആല്‍ബം താരം എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു റിഫ.മെഹ്നാസ് റിഫയെ നിരന്തരം മര്‍ദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി. റിഫയ്ക്കും മെഹ്നാസിനും ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന ജംഷാദ് റെക്കോര്‍ഡ് ചെയ്ത റിഫയും ജംഷാദും തമ്മിലുളള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. റിഫ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ജംഷാദാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്. രഹസ്യമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ പോലീസ് പിടിച്ചെടുത്ത ജംഷാദിന്റെ ഫോണില്‍ നിന്നാണ് വീണ്ടെടുത്തത്.