കേരളത്തിൽ കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച്
കർണാടക. കാസർകോട് കർണാടക അതിർത്തിയിലെ പല റോഡുകളും ദക്ഷിണ കന്നഡ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു.
ഔദ്യോഗിക അതിർത്തികൾക്ക് പുറമെ 12 റോഡുകൾ വഴി മാത്രമാണ് കാസർകോട്ടേയ്ക്കും തിരിച്ചും പ്രവേശനം അനുവദിക്കൂ എന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അതേസമയം, തലപ്പാടി ചെക്പോസ്റ്റ് വഴി കർണാടകയിലേക്ക് പോകാൻ രോഗികൾക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകും. രണ്ട് ഡോസ് വാക്സീൻ എടുത്തവരാണെങ്കിലും അവരും കോവിഡില്ലെന്ന ആർ.ടി.പി.സി.ആർ പരിശോധന ഫലം കരുതണം.
ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെത്തിയവരെ തലപ്പാടി അതിര്‍ത്തിയില്‍ നിന്ന് മടക്കി അയക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് പോകേണ്ട നിരവധി പേരുടെ യാത്രയാണ് ഇതോടെ മുടങ്ങിയത്. ഇതിനു പിന്നാലെ കേരള അതിർത്തിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടന്നു. തലപ്പാടി അതിർത്തിയിൽ കാസർകോട് ജില്ലാ ഭരണകൂടം ആർ.ടി.പി.സി. ആർ പരിശോധന കേന്ദ്രം തുറന്നിരുന്നു. നിരവധി പേരാണ് ഇവിടെ കോവിഡ് പരിശോധനക്കായെത്തിയത്.