യുഎഇയിലെ വിവിധയിടങ്ങളിൽ പണമിടപാടുകൾക്കായി ഇനി യുപിഐ സംവിധാനം ഉപയോഗിക്കാം. ഫോൺ പേ, ഗൂഗിൾ പേ പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ക്യു.ആർ കോഡുകൾ സ്കാൻ ചെയ്ത് പണം നൽകാനുള്ള സംവിധാനം യുഎഇയിൽ എത്തുന്ന ഇന്ത്യൻ സന്ദർശകർക്കും പ്രവാസികൾക്കും ഏറെ ഗുണം ചെയ്യും. ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോർപറേഷന്റെ അന്താരാഷ്ട്ര ഉപവിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡും യുഎഇ ഉൾപ്പെടുന്ന മദ്ധ്യപൂർവ ദേശത്തെ പ്രധാന പേയ്മെന്റ് കമ്പനിയായ നെറ്റ്‍വർക്ക് ഇന്റർനാഷണലും (നെറ്റ്‍വർക്ക്) തമ്മിലുള്ള ധാരണ അനുസരിച്ചാണ് യുഎഇയിൽ യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്നത്.പ്രവാസി ഇന്ത്യക്കാർക്കും യുഎഇയിലെ സന്ദർശർക്കും തടസമില്ലാതെ യുപിഐ ഇടപാടുകൾ സാധ്യമാവുമെന്ന് എൻപിസിഐ ഇന്റർനാഷണൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുഎഇയിൽ ഏകദേശം 60,000 വ്യാപാര സ്ഥാപനങ്ങളിലായി രണ്ട് ലക്ഷത്തിലധികം പി.ഒ.എസ് ടെർമിനലുകൾ നെറ്റ്‍വർക്കിന് കീഴിലുണ്ട്. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ട്രാൻസ്പോർട്ട്, സൂപ്പർമാർക്കറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിൽ നെറ്റ്‍വർക്ക് പേയ്മെന്റ് സംവിധാനത്തിന് കീഴിൽ വരുന്നുണ്ട്. പതുക്കെ കൂടുതൽ സ്ഥാപനങ്ങളിൽ സ്വീകരിക്കപ്പെടുന്ന രീതിയിൽ യുഎഇയിലെ യുപിഐ സംവിധാനം വിപുലപ്പെടുത്താനാണ് പദ്ധതി. കൂടുതൽ റീട്ടെയിൽ സ്റ്റോറുകളും റസ്റ്റോറന്റുകളും ദുബൈ മാൾ, മാൾ ഓഫ് എമിറേറ്റ്സ് എന്നിങ്ങനെയുള്ള കേന്ദ്രങ്ങളുമെല്ലാം യുപിഐ സംവിധാനം സ്വീകരിക്കപ്പെടുന്ന രീതിയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എൻപിസിഐ ഇന്റർനാഷണൽ പറയുന്നു.യുഎഇ ദിർഹത്തിന് പകരം ഇന്ത്യൻ രൂപയിൽ തന്നെയായിരിക്കും യുപിഐ പേയ്മെന്റ് സംവിധാനത്തിൽ ഇടപാടുകൾ നടക്കുക. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലുള്ള പണം രൂപയുടെ മൂല്യം നഷ്ടമാവാതെ യഥാർത്ഥ വിനിമയ നിരക്കിൽ തന്നെ യുഎഇയിൽ ഇടപാടുകൾ നടത്താൻ സാധിക്കും എന്നതാണ് സവിശേഷത. യുഎഇയിലെ മഷ്‍രിഖ് ബാങ്കും ഫോൺ പേയും തമ്മിൽ ഉണ്ടാക്കിയ കരാർ അനുസരിച്ച് രാജ്യത്തെ മഷ്‍രിഖിന്റെ പേയ്മെന്റ് സംവിധാനങ്ങളിൽ ഫോൺ പേ ഇടപാടുകൾ സാധ്യമാവുമെന്ന് അറിയിച്ചിരുന്നു.